തിരുവനന്തപുരം : ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ വശീകരിച്ച് നഗ്‌നഫോട്ടോ കൈക്കലാക്കുകയും അശ്ലീല ഫോട്ടോകള്‍ അയച്ച് കൊടുത്തശേഷം നഗ്‌ന വീഡിയോ ചാറ്റിങ്ങ് നടത്തി രഹസ്യമായി സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തു ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍ . അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തന്‍ വീട്ടില്‍ മഹേഷ്. എം ( 33) നെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് നേമം പള്ളിച്ചലില്‍ ഒളിവില്‍ കഴിയവെ ഒളിസങ്കേതം വളഞ്ഞ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വാട്ട്‌സ്‌ആപ്പ് നമ്പരിലേക്ക് പെണ്‍കുട്ടിയുടെ നഗ്‌നവീഡിയോകള്‍ അയച്ചുകൊടുക്കാന്‍ നിര്‍ബന്ധിച്ചു. അത് നിരസിച്ച പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കും സഹപാഠികള്‍ക്കും അയച്ച് കൊടുക്കുമെന്നും , സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് 3 വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതി നേമത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഒളിസങ്കേതം വളഞ്ഞ പോലീസിനെ കണ്ടു ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് കീഴടക്കിയത്. സിറ്റി പോലീസ് കമ്മിഷണര്‍ ഐജി. ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ പോലീസ് അസി. കമ്മീഷണര്‍ ശ്യാംലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ്. എസ്‌പി, എസ്‌ഐ. മനു. ആര്‍.ആര്‍ പോലീസ് ഓഫീസര്‍മാരായ വിനീഷ് വി എസ്, സമീര്‍ഖാന്‍, മിനി. എസ് . എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.