പത്തനംതിട്ട : 12 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് കരിമ്പുഴ കോട്ടപ്പുറം തെക്കുംപ്ലാക്കല്‍ ജയചന്ദ്രനെ (57)യാണ് ശിക്ഷിച്ചത്. അഡീഷനല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. 24 വര്‍ഷം മുമ്പ് നടന്ന കൃത്യത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. 1997 മേയ് 12ന് ആണ് സംഭവം നടന്നത്.
12 വയസുള്ള പെണ്‍കുട്ടിയെ ചുരിദാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് ജയചന്ദ്രന്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് വടക്കന്‍പറവൂരിലുള്ള ലോഡ്ജില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. റാന്നി വെച്ചൂച്ചിറ പോലീസ് ആണ് കേസ് റജിസ്റ്റര്‍ ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. എന്നാല്‍ കേസിലെ സാക്ഷികള്‍ പലരും ഇതിനിടെ മരിച്ചത് കേസ് തെളിയിക്കുന്നതില്‍ കാലതാമസമുണ്ടാക്കി. കേസില്‍ 17 സാക്ഷികളെയാണ് വിസ്തരിച്ചത്. 26 രേഖകള്‍ തെളിവായി പരിഗണിച്ചു.