കൊച്ചി : ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിലെ ക്രൈസ്തവ-മുസ്ലിം അനുപാതം ജനസംഖ്യാനുപാതികമല്ലെന്നു ചൂണ്ടിക്കാട്ടി നിലവിലുള്ള നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. കേരളത്തിലെ രണ്ട് സമുദായ സംഘടനകള്‍ രണ്ടു വശത്തായി നില്‍ക്കുന്ന വിഷയം എങ്ങനെ പരിഹരിക്കും എന്നത് സര്‍ക്കാരിന് മുന്നിലുള്ള വന്‍ വെല്ലുവിളിയാണ് താനും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഫോര്‍മുലക്കായി സജീവമായി രംഗത്തുണ്ട്.
കോടതി വിധി സ്വാഗതംചെയ്ത് ക്രൈസ്തവ സംഘടനകളും വിധിക്കെതിരേ അപ്പീല്‍ നല്‍കുകയും നിയമപരമായി പരിഹാരം കണ്ടത്തുകയും വേണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകളും രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ പരിഹാരശ്രമം ഊര്‍ജ്ജിതമാക്കിയത്. ക്രൈസ്തവ-മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിക്കാമെന്ന നിര്‍ദേശമാണ് സര്‍ക്കാരിനു മുമ്ബിലുള്ളത്. ഇങ്ങനെ വന്നാല്‍ ഇരുകൂട്ടരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും.
വിധിക്കെതിരേ അപ്പീല്‍ പോകുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന അഭിപ്രായം നിയമവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. അത് ക്രൈസ്തവ വിഭാഗത്തിന്റെ എതിര്‍പ്പിനിടയാക്കും. ഉത്തരവ് കോടതി റദ്ദാക്കിയതിനാല്‍ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതുവരെ ആനുകൂല്യം വിതരണം ചെയ്യാനാനും ആകില്ല. മുസ്ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പാലോളി കമ്മിറ്റിയുടെ ശുപാര്‍ശയില്‍ 2008-ലാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി കൊണ്ടുവന്നത്. 2011 ഫെബ്രുവരിയിലാണ് ഇതില്‍ 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുകൂടി നീക്കിവെച്ചത്. ഇതാണ് ഇപ്പോള്‍ കുഴപ്പത്തിലായത്.
ക്രൈസ്തവ വിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പ് നടക്കുകയാണ്. സമിതിയില്‍നിന്ന് ഇടക്കാല റിപ്പോര്‍ട്ടോ പ്രാഥമിക ശുപാര്‍ശയോ വാങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനനുസരിച്ച് സ്‌കോളര്‍ഷിപ്പ് പദ്ധതി രൂപവത്കരിക്കാമെന്നാണ് ധാരണ.
അതേസമയം നിലവിലെ സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍ ആകെ പരിഷ്‌കരിക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിനു മുമ്പിലുണ്ട്. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ മാനദണ്ഡത്തില്‍ മാറ്റംവരുത്തണമെന്ന് നിയമസഭാ സമിതി നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. ചില മാനദണ്ഡങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതിനു കാരണമാകുന്നുണ്ടെന്നായിരുന്നു 2019 നവംബറില്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍.
ന്യൂനപക്ഷ ക്ഷേമവകുപ്പില്‍നിന്നുള്ള സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികളെ പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ പരിഗണിക്കണമെന്നായിരുന്നു ശുപാര്‍ശ. പിന്നാക്ക വിഭാഗങ്ങള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിവിധതരം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ഒരേസമയം ഒന്നിലധികം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ലെന്നാണ് നിയമം. ഏതെങ്കിലും ഒരു സ്‌കോളര്‍ഷിപ്പ് തിരഞ്ഞെടുക്കാനും തടസ്സമുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പിന്നാക്ക സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനും അര്‍ഹതയില്ല. ഈ തടസ്സം മാറ്റുന്ന രീതിയില്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുന്നത് പരിശോധിക്കണമെന്നായിരുന്നു സമിതിയുടെ നിര്‍ദ്ദേശം.
ഹൈക്കോടതി വിധികൂടിയുണ്ടായ പശ്ചാത്തലത്തില്‍ ഇത്തരം സ്‌കോളര്‍ഷിപ്പ് സ്‌കീമുകളുടെ സമഗ്രപരിഷ്‌കരണവും പരിശോധനയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് ക്രൈസ്തവ- മുസ്ലിം വിഭാഗങ്ങള്‍ക്ക് വെവ്വേറ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയമായ വന്‍ വെല്ലുവിളിയെ കൂടി അനായാസം നേരിടുകയാണ് മുഖ്യമന്ത്രി പിണറായി ഈ തീരുമാനത്തിലൂടെ.