പത്തനംതിട്ട: ഇന്ത്യയിലെ മുഴുവൻ ക്രൈസ്തവ സമൂഹത്തിന്റെയും കൂട്ടായ്മയായ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് (NCMJ) സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് കിട്ടുന്ന സ്കോളർഷിപ്പുകൾ, ബാങ്ക് വായ്പകൾ മറ്റ് ആനുകൂല്യങ്ങൾ എന്നിവയെപ്പറ്റി വിശദമായി അറിയിക്കുന്ന സെമിനാർ “അറിയാം അറിയിക്കാം” ഫെബ്രുവരി 26 ബുധനാഴ്ച 3.30 ന് കോന്നി ആക്ഷൻ ഓഫ് ലവ് ചർച്ചിൽ വെച്ച് നടത്തുന്നു. മുൻ ന്യൂനപക്ഷ സെൽ അംഗവും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് അഡ്വൈസറി ബോർഡ് അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡണ്ടുമായ ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ആണ് സെമിനാറിന് നേതൃത്വം നൽകുന്നത്.
പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് പോകുന്ന ന്യൂനപക്ഷ അംഗങ്ങൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ, ബാങ്ക് വായ്പകൾ എന്നിവയെപ്പറ്റി വിശദമായ സെക്ഷനുകൾ സെമിനാറിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. ഡോ.പ്രകാശ് പി തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് വൈസ് ചെയർമാൻ റവ.തോമസ് എം പുളിവേലിൽ അധ്യക്ഷത വഹിക്കും. വിവിധ സഭകളിലെ വൈദികർ, പാസ്റ്റേഴ്സ്, സഭാപ്രതിനിധികൾ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.