മുംബൈ: കാണാതായ നാലുവയസുകാരന്റെ മൃതദേഹം അമ്മാവന്റെ വീട്ടിലെ മരപ്പെട്ടിയില്‍ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. വീട്ടുകാര്‍ എല്ലായിടത്തും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിക്കായുള്ള തിരച്ചില്‍ നടത്തുന്നതിനിടെ കുട്ടിയെ അമ്മാവന്റെ വീട്ടില്‍ ഒരു മരപ്പെട്ടിയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തിയപ്പോള്‍ പെട്ടിക്കുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു നാലുവയസുകാരന്‍. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും കുട്ടി മരിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. കുട്ടി തടിപ്പെട്ടിയില്‍ യാദൃശ്ചികമായി വീണതാവാമെന്ന് കരുതുന്നില്ല. ഇത് സംബന്ധിച്ച് ചില കുടുംബാംഗങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ചിലരുടെ പങ്ക് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ അമ്മാവന്‍ ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.