കൊച്ചി : മലയാളിയായ ആര്‍മി ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജനെ മദ്ധ്യപ്രദേശിലെ പാട്‌നിക്കും ബാബായിക്കും ഇടയില്‍ കാണാതെ ആയിട്ട് 60 മണിക്കുറുകള്‍ പിന്നിടുന്നു. ആര്‍മിയും പോലീസും തിരച്ചില്‍ നടത്തുണ്ട് എങ്കിലും ഇത് വരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. നിര്‍മ്മലിന്റെ ഭാര്യയും ആര്‍മി ലഫ്റ്റന്റുമായ ഗോപി ചന്ദ്രയെ ജപല്‍പൂരിലെ ആര്‍മി ഹെഡ്‌കോട്ട്വഴ്‌സില്‍ എത്തി കണ്ടതിന് ശേഷം മടങ്ങുന്ന വഴിയിലാണ് നിര്‍മ്മലിനെ കാണാതെ ആവുന്നത്. മദ്ധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം ശക്തമായ പ്രളയം ഉണ്ടായ സ്ഥലമാണ് ഇവിടം.
എറണാകുളം മാംമഗലം ഭാഗ്യധാരാ നഗറില്‍ പെരുമോഴിക്കല്‍ വീട്ടില്‍ കെ.എസ്.ഇ.ബി സീനിയര്‍ അകൗണ്ടന്റായ പി.കെ ശിവരാജന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ സുബൈദാ ശിവരാജന്റെയും മൂത്ത മകനാണ് നിര്‍മ്മല്‍. മദ്ധ്യപ്രദേശിലെ പഞ്ചമഡിയിലെ ആര്‍മി ഹെഡ്‌കോട്ടേഴ്‌സില്‍ നിന്നും ഭാര്യയെ കാണാനായി ജപല്‍പൂരിലെക്ക് സ്വയം കാറോടിച്ചാണ് നിര്‍മ്മല്‍ പോയത്. കാണാതായതിന് ശേഷം ആര്‍മിയും പോലീസും ജി.പി.എസ് നോക്കിയുള്ള അന്വേഷണത്തില്‍ പാട്‌നിക്കും ബാബായിക്കും ഇടയിലാണ് ആളെ കാണാതെ ആയത് എന്നാണ് മനസിലായത്. എന്നാല്‍ ഈ ഭാഗത്ത് പ്രളയം ഉണ്ടാവുകയും ഡാമുകള്‍ തുറക്കുകയും ചെയ്തതിനാല്‍ പൂര്‍ണ്ണമായും തിരച്ചില്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഹെലികോപ്റ്റര്‍ സംവിധാനം ഉപയോഗിച്ച് ആര്‍മി തിരച്ചില്‍ ശക്തമായി നടത്തുന്നുണ്ട്.
ഭാര്യയെ കണ്ടതിന് ശേഷം മൂന്ന് മണിയോടെയാണ് നിര്‍മ്മല്‍ തിരികെ യാത്ര ആരംഭിച്ചത്. അമ്മ സുബൈദാ ശിവരാജനോട് ഞാന്‍ ഇറങ്ങുകയാണ് എന്ന് പറഞ്ഞിട്ടാണ് നിര്‍മ്മല്‍ യാത്ര ആരംഭിച്ചത്. 8.30ഓടെ നിര്‍മ്മല്‍ പഞ്ചമഡിയിലെ ക്വോട്ടേഴ്‌സില്‍ എത്തേണ്ടതാണ്. 7 മണിക്ക് അമ്മ നിര്‍മ്മലിനെ വിളിക്കുമ്പോള്‍ എന്നാല്‍ ഇനി 85 കിലോമീറ്റര്‍ കൂടി ഉണ്ട് എത്താന്‍ തന്റെ മുന്നിലായി ഒരു ഗതാഗതതടസം കാണുന്നുണ്ട് ഇറങ്ങി നോക്കട്ടെ എന്ന് പറഞ്ഞതിന് ശേഷം നിര്‍മ്മല്‍ ഫോണ്‍ വെച്ചു. 9 മണിക്കും പത്ത് മണിക്കും അമ്മ വിളിക്കുമ്ബോള്‍ നിര്‍മ്മലിന്റെ രണ്ട് നമ്പരുകളും സ്വിച്ച് ഓഫ് ആയിരുന്നു. വാട്ടസ് അപ്പില്‍ അയച്ച മെസേജുകളും കണ്ടിട്ടില്ല.
എല്ലാ ദിവസവും രാവിലെ അമ്മ സുബൈദക്ക് നിര്‍മ്മലിന്റെ മെസെജ് എത്താറുണ്ട്. രണ്ട് പേരുടെയും ദിവസം ആരംഭിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ രാവിലെ ഈ മെസേജും എത്തിയിട്ടില്ല. നിര്‍മ്മലിന്റെ ഭാര്യ ഗോപിചന്ദ്രയെ വിളിച്ചപ്പോള്‍ രാത്രിയില്‍ തടസം കാരണം മാറി പോവുകയാണ് എന്ന് നിര്‍മ്മല്‍ മേസേജ് അയച്ചതായിട്ടും. അതിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നും ഗോപിചന്ദ്ര പറഞ്ഞു.
ഇതേ തുടര്‍ന്ന് സുബൈദ ഉടന്‍തന്നെ നിര്‍മ്മലിന്റെ കൂടെ ജോലി ചെയ്യുന്ന ജീവന്‍ എന്ന ആര്‍മി ഓഫീസറേ ഫോണില്‍ വിളിച്ച് ക്വാട്ടേര്‍സിലേക്ക് നോക്കാനായി പറഞ്ഞു വിട്ടു. ജീവന്‍ ക്വാട്ടേഴ്‌സില്‍ എത്തിയപ്പോള്‍ നിര്‍മ്മല്‍ എത്തിയിട്ടില്ലാ എന്ന് മനസിലായി. ഈ വിവരം അറിഞ്ഞ ഉടനെ നിര്‍മ്മലിന്റെ പിതാവ് ശിവരാജന്‍ തന്റെ അയല്‍വാസിയുടെ ബന്ധുവായ ഗ്വാളിയോര്‍ അസിസ്റ്റന്റ് കമ്മീഷണറേ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു. കമ്മീഷണര്‍ സോണല്‍ ഐ.ജിയേ വിവരം ധരിപ്പിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
രാത്രി 9.30 വരെ കാറിലെ ജി.പി.എസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നതായി പോലീസും ആര്‍മിയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം നിര്‍മ്മലിന് എന്ത് സംഭവിച്ചു എന്നറിയാന്‍ സാധിച്ചിട്ടില്ല. ശക്തമായ പ്രളയം ആയതിനാല്‍ തിരച്ചില്‍ വേണ്ട രീതിയില്‍ നടത്താനും കഴിയുന്നില്ല. എന്നാല്‍ ആര്‍മി ക്യാപ്റ്റനായ നിര്‍മ്മല്‍ സാഹചര്യത്തെ അതിജീവിക്കുകയും സുരക്ഷിതനായി തിരിച്ചെത്തുമെന്നുമാണ് പോലീസും ആര്‍മിയും വിശ്വസിക്കുന്നത്.