കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെ കണ്ടെത്തി. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഉള്ളത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി പേര് ചോദിച്ചറിയാന്‍ കഴിയാത്തതിനാലാണ് ഇദ്ദേഹത്തിന്റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിലുണ്ടാവാതെ പോയത്.
ഹംസയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ബോധമുണ്ടായിരുന്നില്ല. ആംബുലന്‍സില്‍ കൊണ്ടുവന്നയാള്‍ ചോദിച്ച് പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്. സിറാജ് എന്നാണ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ പേര് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം മിംസിലില്ല എന്ന് കരുതി ബന്ധുക്കള്‍ മറ്റ് ആശുപത്രികളിലേക്ക് പോയി. രാത്രി മുഴുവന്‍ ഇദ്ദേഹത്തെ തിരഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളില്‍ ബന്ധുക്കള്‍ കയറിയിറങ്ങുകയായിരുന്നു.
ഇന്നലെ രാത്രിയിലുടനീളവും ഇന്ന് പകലും ഭീതിയോടെയാണ് ആശുപത്രികള്‍ക്ക് മുന്നിലും വിമാനത്താവളത്തിലും ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ നിന്നിരുന്നത്. ഇന്ന് രാവിലെയായിട്ടും അദ്ദേഹത്തെ കാണാതായപ്പോള്‍ ജില്ലാ കളക്ടര്‍ക്കും മന്ത്രിയോടും ബന്ധുക്കള്‍ പരാതിയുന്നയിച്ചു. ഇതോടെ വീണ്ടും എല്ലാ ആശുപത്രികളുടെയും പട്ടിക വീണ്ടും പരിശോധിച്ചു. അങ്ങനെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.