കോഴഞ്ചേരി : യുഡിഎഫിന്റെ അവിശ്വാസപ്രമേയം 18-ന് ചർച്ചക്കെടുക്കാനിരിക്കെ കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് മിനി സുരേഷ് എന്നിവരോട് രാജിവെക്കാൻ ഇടതുമുന്നണി നിർദേശം. ശനിയാഴ്ച കോഴഞ്ചേരിയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു, എൻസിപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, ചെറിയാൻ ജോർജ് തമ്പു, ജനതാദൾ ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ അലക്‌സ് കണ്ണമല തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിനെ രാജിവെപ്പിച്ചു പ്രശ്‌നം പരിഹരിക്കാൻ തീരുമാനമായത്.
അവിശ്വാസപ്രമേയത്തിൽ ഒപ്പിട്ട സാലി ഫിലിപ്പിനെ പകരം പ്രസിഡന്റാക്കാനും തീരുമാനിച്ചതായി അറിയുന്നു. അതേസമയം വൈസ് പ്രസിഡന്റ് മിനി സുരേഷിന്റെ രാജിയും അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. വൈസ് പ്രസിഡന്റുകൂടി രാജി വെയ്ക്കുന്നില്ലെങ്കിൽ 18-ന് ഉച്ചയ്ക്ക് ശേഷം അവിശ്വാസം ചർച്ചയ്ക്ക് എടുക്കേണ്ടിവരും. ഇത് എൽഡിഎഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിപ്പിക്കേണ്ട സാലി ഫിലിപ്പ് താൻകൂടി ഒപ്പിട്ട അവിശ്വാസത്തിൽ എന്ത് നിലപാട് എടുക്കും എന്നതാണ് വിഷയം സങ്കീർണമാക്കുന്നത്. മാത്രമല്ല ബജറ്റ് പാസാക്കാൻ കഴിയാതെവന്നത് ധനകാര്യ സ്ഥിരം കമ്മിറ്റിയുടെ പരാജയമായും വിലയിരുത്തപ്പെടുന്നു.
ബജറ്റ് കമ്മിറ്റിയിൽനിന്ന് 10 അംഗങ്ങൾ വിട്ടുനിന്നതും രാഷ്ട്രീയപാർട്ടികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അംഗങ്ങളിൽ ആരൊക്കെ ആരുടെ കൂടെ നിൽക്കും എന്നതുപോലും വ്യക്തമല്ല. അവിശ്വാസത്തിൽ തങ്ങൾക്കൊപ്പം ഒപ്പിട്ട സാലിയെ സ്ഥാനാർഥിയാക്കാനുള്ള ഇടതുമുന്നണിയുടെ തീരുമാനം യുഡിഎഫിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വെച്ചില്ലെങ്കിൽ അവിശ്വാസം പാസാക്കാൻ യുഡിഎഫിന് ഏഴ് അംഗങ്ങളുടെ പിന്തുണ വേണം. സാലി ഫിലിപ്പും സ്വതന്ത്രാംഗം ടി.ടി. വാസുവും ഉൾപ്പെടെ അഞ്ച് പേർ മാത്രമാണ് ഇപ്പോൾ അവിശ്വാസത്തിൽ ഒപ്പുവെച്ചിട്ടുള്ളത്. അവിശ്വാസം വിജയിക്കാൻ രണ്ട് പേർകൂടി വേണമെന്നിരിക്കെയാണ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി സാലി ഫിലിപ്പിനെ എൽഡിഎഫ് ലക്ഷ്യമിടുന്നത്.