ചെന്നൈ: സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ ബി.ജെ.പിക്ക് താങ്ങാനാവില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇത് തങ്ങളുടെ ഭീഷണിയല്ലെന്നും മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്.
നേര്‍ക്കുനേര്‍ നിന്ന് രാഷ്ട്രീയം പറയാന്‍ ഡി.എം.കെ തയാറാണ്. ഭീഷണിപ്പെടുത്തി ഞങ്ങളെ അനുസരിപ്പിക്കാനാവില്ല. അതിനാണ് ശ്രമിക്കുന്നതെങ്കില്‍ നിവര്‍ന്ന് തന്നെ നില്‍ക്കും. അധികാരത്തിന് വേണ്ടി മാത്രം പാര്‍ട്ടി നടത്തുന്നവരല്ല ഞങ്ങള്‍. ഡി.എം.കെയുടെ പോരാട്ട വീര്യം ഡല്‍ഹിയിലുള്ളവരോട് ചോദിച്ച് മനസിലാക്കൂവെന്നും സ്റ്റാലിന്‍ പറഞ്ഞു.