തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ തുറന്ന പോരിലേക്ക് കടക്കാനൊരുങ്ങി തമിഴ്നാട്, കേരള മുഖ്യമന്ത്രിമാര്‍. എം കെ സ്റ്റാലിന്‍ അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ അറിയിച്ചു. തമിഴ്നാട് നിയമസഭ പാസാക്കിയത് പോലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് എം കെ സ്റ്റാലിന്‍ പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ ഒപ്പിടുന്നില്ലെന്നും നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനാവശ്യമായി തടഞ്ഞുവയ്ക്കുന്നുവെന്നുമാണ് വിമശനം. സ്റ്റാലിന്റെ നിര്‍ദേശം ഗൗരവതരമാണെന്നും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയും സര്‍ക്കാരുകള്‍ക്ക് ചില്ലറ തലവേദനയല്ല ഉണ്ടാക്കിയിട്ടുള്ളത്. ഗവര്‍ണര്‍മാരുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ മുഖ്യമന്ത്രിമാരായ പിണറായി വിജയനും സ്റ്റാലിനും പലപ്പോഴായി രംഗത്തുവന്നിട്ടുണ്ട്. സമാന സാഹചര്യങ്ങള്‍ തന്നെയാണ് തമിഴ്നാട്ടിലും. അടുത്തിടെ ‘അനുമതി നിഷേധിച്ചാല്‍ ബില്‍ മരിച്ചെന്നാണ് അര്‍ത്ഥമെന്ന’ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി സ്റ്റാലിന്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് പറഞ്ഞു.