ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സ്വയം രാജാവാണെന്ന് കരുതി അഹങ്കാരത്തോടെ സംസാരിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍ഇപി) ത്രിഭാഷാ നയത്തിനെതിരായ തമിഴ്നാടിന്റെ നിലപാടില്‍ ലോക്സഭയില്‍ പൊട്ടിത്തെറിച്ച കേന്ദ്രമന്ത്രിക്ക് എക്‌സിലൂടെയാണ് സ്റ്റാലിന്‍ മറുപടി നല്‍കിയത്. ഡിഎംകെ അപരിഷ്‌കൃതമാവുകയാണെന്നും സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രതിപക്ഷം ഇതിനെതിരെ ശബ്ദമുയര്‍ത്തി രംഗത്തുവന്നത് പാര്‍ലമെന്റില്‍ ബഹളത്തിനും ഇടയാക്കി. ഇതിനുപിന്നാലെയാണ് സ്റ്റാലിന്റെ പ്രസ്താവന. ”തമിഴ്നാടിന് ഫണ്ട് നല്‍കാതെ വഞ്ചിക്കുന്ന നിങ്ങളാണോ തമിഴ്നാട് എംപിമാരെ നോക്കി അപരിഷ്‌കൃതര്‍ എന്ന് വിളിക്കുന്നത്? നിങ്ങള്‍ തമിഴ്നാട് ജനങ്ങളെ അപമാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് അംഗീകരിക്കുന്നുണ്ടോ? നിങ്ങളുടെ പദ്ധതി നടപ്പിലാക്കാന്‍ ഞങ്ങള്‍ തയാറല്ല. ആര്‍ക്കും എന്നെ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കാനും കഴിയില്ല. ഞങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്ന് തമിഴ്‌നാട് വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ട് അനുവദിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് ഉത്തരം പറയൂ” സ്റ്റാലിന്‍ പറഞ്ഞു.
”ഡിഎംകെ സത്യസന്ധതയില്ലാത്തവരാണ്. അവര്‍ക്ക് തമിഴ്നാട്ടിലെ വിദ്യാര്‍ഥികളോട് പ്രതിബദ്ധതയില്ല. അവര്‍ തമിഴ്നാട് വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുകയാണ്. ഭാഷാ തടസങ്ങള്‍ സൃഷ്ടിക്കുകയാണ് അവരുടെ ഏക ജോലി. അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. കൊള്ളരുതായ്മയാണിത്. അവര്‍ ജനാധിപത്യവിരുദ്ധരാണ്” എന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ പറഞ്ഞത്.