കോട്ടയം : പാലാ സീറ്റിന്റെ പേരു പറയാതെ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് മന്ത്രി എം എം മണിയുടെ പരോക്ഷ വിമര്‍ശനം. എല്‍ഡിഎഫില്‍ സീറ്റു ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ മണി പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
അറക്കുന്നതിന് മുമ്പ് പിടയ്‌ക്കേണ്ട കാര്യമില്ലെന്നും കാര്യങ്ങള്‍ എല്‍ഡിഎഫിന് അറിയാമെന്നും പറഞ്ഞ മണി, കൃത്യമായ നിലപാടെടുക്കാന്‍ മുന്നണിക്ക് കഴിയുമെന്നും യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണമെന്നും പറഞ്ഞു.
ജോസ് കെ.മാണിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. കെ.എം മാണി സ്മൃതി സംഗമം സമാപന സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പന്‍ എംഎല്‍എയെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തില്ല. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ തുടര്‍ന്ന് പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി കാപ്പന്‍ ഇടതുമുന്നണിയുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രി മണിയുടെ പ്രതികരണം. വിഷയത്തില്‍ ഇടതുമുന്നണിയുടെ നിലപാടെന്തെന്ന് വ്യക്തമാക്കുന്നതുമായിരുന്നു മണിയുടെ പ്രസ്താവന.