തിരുവനന്തപുരം : കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയര്‍മാന്‍ ഡോ.ബി.അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ അശോകന്‍ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി ചോദിച്ചു.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോള്‍ മറുപടി പറയാനില്ല. താന്‍ മന്ത്രിയായിരിക്കെ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തി. വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തി. ഇടത് മന്ത്രിമാരില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു. നാലര വര്‍ഷമാണ് താന്‍ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവര്‍ണകാലമായിരുന്നുവെന്നും മണി പറഞ്ഞു.