വെച്ചൂച്ചിറ : വൈദ്യുതി നിലച്ചാൽ പരുവ മേഖലയിൽ മൊബൈൽ കവറേജ് ലഭ്യമല്ലാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. ബിഎസ്എൻഎൽ സിം കാർഡുകളെടുത്തവർക്കാണ് ഈ ഗതി. ജിയോയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. വൈദ്യുതി മുടങ്ങിയാൽ പിന്നെ നെറ്റ് വർക്ക് എത്താത്ത മേഖല പോലെയായി. മൊബൈൽ ടവറിന്റെ ബാറ്ററി തകരാറാണ് ഇതിന് കാരണം. ഈ ടവറിൽനിന്നാണ് ബിഎസ്എൻഎൽ, ജിയോ മൊബൈൽ കമ്പനികളുടെ കവറേജ് ലഭ്യമാക്കേണ്ട സംവിധാനം പ്രവർത്തിക്കുന്നത്. ബാറ്ററി തകരാറായതിനാൽ വൈദ്യുതി പോകുമ്പോൾ തന്നെ ടവറിന്റെ പ്രവർത്തനം നിലയ്ക്കും. കവറേജ് പൂർണമായി ഇല്ലാതാവുന്നു.
വൈദ്യുതി പുനഃസ്ഥാപിച്ചാൽ തന്നെ വീണ്ടും ഒരുമണിക്കൂറിന് ശേഷമേ മൊബൈൽ കവറേജ് തിരികെ ലഭിക്കുകയുള്ളൂ. പരുവ മഹാദേവക്ഷേത്ര ഭരണസമിതി ഈ വിഷയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെത്തിയ ആന്റോ ആന്റണി എംപിയെ അറിയിച്ചിരുന്നു. പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംപി ഭാരവാഹികളെ അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിക്കും ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികൾ പറഞ്ഞു.