സ്മാർട്ട് ഫോണുകളിലെ വിവിധ ഡിസ്പ്ലേകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? LCD, OLED, AMOLED എന്നിങ്ങനെ പലതരത്തിലുള്ള ഡിസ്പ്ലേകളാണ് ഇപ്പോൾ പുറത്തിറങ്ങുന്ന പല ഫോണുകളിലും ഇടംപിടിച്ചിരിക്കുന്നത്. ഇവ തമ്മിൽ എന്താണ് വ്യത്യാസം, ഇതിൽ ഏതാണ് മികച്ച ഡിസ്പ്ലേ അങ്ങനെ പല ആശയക്കുഴപ്പങ്ങളും നിങ്ങൾക്ക് ഒരുപക്ഷേ ഉണ്ടാകാം. അടുത്തിടെ നത്തിംഗ് ഫോൺ 2വിൽ OLED ഡിസ്പ്ലേ ആയിരുന്നു ഇടം പിടിച്ചിരുന്നത്. അതേ സമയം അടുത്തിടെ പുറത്തിറങ്ങിയ സാസംങ് ഫോണുകളിൽ ആകട്ടെ കൂടുതലും ഉള്ളത് AMOLED ഡിസ്പ്ലേ ആണ്. ഓരോ ഡിസ്പ്ലേകൾക്കും അതിന്റേതായ വ്യത്യാസങ്ങൾ ഉണ്ട്. കാലഘട്ടങ്ങൾ മാറുന്നതിന് അനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.
ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ എന്നതിന്റെ ചുരുക്കപ്പേരാണ് LCD. സ്ക്രീനിൽ പിക്സലുകൾ പ്രകാശിപ്പിക്കുന്നതിന് ഒരു ബാക്ക് ലൈറ്റ് ഉപയോഗിച്ചാണ് LCD-കൾ പ്രവർത്തിക്കുന്നത്. ഇതിൽ ബാക്ക് ലൈറ്റ് ലിക്വിഡ് ക്രിസ്റ്റലുകളിലൂടെയാണ് തിളങ്ങുന്നത്. ഇതിലൂടെയാണ് സ്ക്രീനിൽ ചിത്രങ്ങൾ തെളിയുന്നത്. OLEDയുമായി താരതമ്യം ചെയ്യുമ്പോൾ LCDയുടെ മൂല്യം കുറവാണ്. പക്ഷെ തങ്ങളുടേതായ മികവ് LCD പ്രകടിപ്പിക്കാറുണ്ട്. LCDയുടെ ബാക്ക് ലൈറ്റ് എപ്പോഴും ഓൺ ആയിരിക്കും.
ഓർഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് എന്നാണ് OLEDയുടെ പൂർണരൂപം. ഇവക്ക് സ്ക്രീനിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബാക്ക് ലൈറ്റ് കളുടെ ആവിശ്യം ഇല്ല. OLEDയുടെ ഒരു നിരയിലുള്ള പിക്സലുകൾ വൈദ്യുത പ്രവാഹം കടത്തിവിടുന്ന വഴി സ്വയം പ്രകാശം നിർമ്മിക്കുകയാണ് ഇവിടെ. പിക്സൽ ഓഫ് ആണെങ്കിൽ ഡിസ്പ്ലെയിൽ കറുപ്പ് നിറം കാണാം. LCD സ്ക്രീനുകളെ അപേക്ഷിച്ച് മികച്ച ദൃശ്യമികവ് നൽകാൻ OLED സ്ക്രീനുകൾക്ക് സാധിക്കും. LCDയെ അപേക്ഷിച്ച് ഇവക്ക് ഭാരവും കുറവാണ്. എന്നാൽ നിർമ്മാണ ചിലവ് അധികമായതിനാൽ അൽപം വില കൂടിയ ഫോണുകളിൽ മാത്രമാണ് OLED സ്ക്രീനുകൾ സ്ഥാനം പിടിക്കുന്നത്.
അതേ സമയം ഈ രണ്ട് ഡിസ്പ്ലേകളേക്കാൾ മികച്ച പ്രകടനം നടത്തുന്ന സ്ക്രീനാണ് AMOLED ഡിസ്പ്ലേ. ആക്റ്റീവ് മാട്രിക്സ് ഓർഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് എന്നതാണ് ഇതിന്റെ പൂർണരൂപം. ഓരോ വ്യക്തിഗത പിക്സലും നിയന്ത്രിക്കാൻ സജീവമായ മാട്രിക്സ് സാങ്കേതികവിദ്യയാണ് AMOLED ഡിസ്പ്ലേകളിൽ ഉപയോഗിച്ചിരിക്കുന്നത്. നേർത്ത-ഫിലിം ട്രാൻസിസ്റ്റർ ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രായോഗികമാക്കുന്നത്. കുറഞ്ഞ പവറിൽ തന്നെ മികച്ച ദൃശ്യമികവ് നൽകാൻ സാധിക്കുന്നത് ആണ് AMOLEDയുടെ മറ്റൊരു പ്രത്യേകത. നിലവിൽ LCD ഡിസ്പ്ലേകളേക്കാളും OLED ഡിസ്പ്ലേകളെക്കാളും മികച്ച് നിൽക്കുന്നത് AMOLED ഡിസ്പ്ലേകളാണ്.
AMOLED ഡിസ്പ്ലേകൾക്ക് ഊർജ സംരക്ഷണ ശേഷി ഉള്ളതിനാൽ നിങ്ങളുടെ ഫോണിലെ ചാർജ് നിലനിൽക്കാനും സഹായിക്കുന്നതാണ്. അതേ സമയം LCD ഡിസ്പ്ലേയും OLED ഡിസ്പ്ലേകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മികച്ചുനിൽക്കുന്നത് OLED ഡിസ്പ്ലേകൾ തന്നെയാണ്. മികച്ച ഇമേജ് നിലവാരം പ്രദാനം ചെയ്യാൻ OLED ഡിസ്പ്ലേകൾക്ക് സാധിക്കുന്നുണ്ട്. പക്ഷെ ഇത് നിർമ്മിക്കാൻ ചിലവ് ഏറുന്നത് ഒരു പോരായ്മയാണ്. അതേ സമയം ഈ മൂന്ന് ഡിസ്പ്ലേകളേയും പിന്നിലാക്കാൻ സാധിക്കുന്ന പുതിയ ഡിസ്പ്ലേയുടെ സാങ്കേതിക വിദ്യയാണ് സൂപ്പർ AMOLED പ്ലസ് ഡിസ്പ്ലേകൾ. സാംസങ് ഈ സാങ്കേതിക വിദ്യ ഇതിനോടകം തന്നെ വികസിപ്പിച്ചിട്ടുണ്ട്. സ്‌ക്രീനിൽ നേരിട്ട് ഒരു സംയോജിത ടച്ച് സെൻസർ അവതരിപ്പിക്കുന്നു എന്നതാണ് സൂപ്പർ AMOLED പ്ലസിന്റെ പ്രത്യേകത. സ്ക്രീനിന്റെ കനം കുറയ്ക്കാനും ഡിസ്പ്ലേ വ്യക്തത വർദ്ധിപ്പിക്കാനും ഈ സാങ്കേതികവിദ്യക്ക് സാധിച്ചിട്ടുണ്ട്.