ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് യുവതി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. മൊബൈല്‍ എറിഞ്ഞയാളെ പോലീസ് തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ട് മൈസൂരുവിലെ കെ.ആര്‍ സര്‍ക്കിളില്‍ നടന്ന റോഡ്ഷോയ്ക്കിടെയാണ് സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വാഹനത്തിന് മുകളില്‍ ഫോണ്‍ എറിഞ്ഞയാളെ കണ്ടെത്തിയതായും ആ വ്യക്തിക്ക് പിന്നില്‍ ദുരുദ്ദേശ്യമൊന്നുമില്ലെന്നും പോലീസ് പറഞ്ഞു.
തുറന്ന വാഹനത്തിലായിരുന്നു റോഡ്ഷോ. ഇതിനിടെയാണ് ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന യുവതി മോദിക്കുനേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞത്. തലനാരിഴയ്ക്കാണ് മോദി രക്ഷപ്പെട്ടത്. ബി.ജെ.പി പ്രവര്‍ത്തകയാണ് മൊബൈല്‍ അറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ഇവര്‍ മോദിയെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ആവേശത്തില്‍ കൈയില്‍നിന്ന് മൊബൈല്‍ തെറിച്ചുവീഴുകയായിരുന്നുവെന്നും പോലീസ് വിശദീകരിച്ചു.