തിരുവനന്തപുരം : മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പൊതുജന മധ്യത്തില്‍ പരസ്യ വിചാരണ ചെയ്ത് പിങ്ക് പൊലീസ്. പോലീസ് വാഹനത്തില്‍നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയാണ് പെണ്‍കുട്ടിക്കും പിതാവിനുമെതിരെ മോഷണം ആരോപിച്ചത്. ഒടുവില്‍ പോലീസ് വാഹനത്തില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തി.
ഐ.എസ്.ആര്‍.ഒ യുടെ വലിയ വാഹനം വരുന്നത് കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശിയും മകളുമാണ് ക്രൂരതക്കിരയായത്. തോന്നയ്ക്കല്‍ സ്വദേശി പറയുന്നതിങ്ങനെ: ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നുമാണ് പോലീസുദ്യോഗസ്ഥ പറഞ്ഞത്. മോഷ്ടിച്ചില്ലെന്ന് പറഞ്ഞിട്ടും പോലീസ് മോശമായി പെരുമാറി. മകള്‍ കരഞ്ഞതോടെ പോലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിനിടെ പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നുതന്ന ഫോണ്‍ കണ്ടെത്തിയതായും തോന്നയ്ക്കല്‍ സ്വദേശി പറയുന്നു.
ഫോണ്‍ കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും അധിക്ഷേപിച്ചെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഏറെ ഭയന്നിരിക്കുകയാണ് തന്‍റെ കുഞ്ഞെന്നും, ജനങ്ങളുടെ മുന്നില്‍ തന്നെയും മകളെയും കള്ളന്‍മാരാക്കിയെന്നും പോലീസുദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹം ആവശ്യപ്പെട്ടു.