തിരുവനന്തപുരം : വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിക്കുന്നത് നേരത്തേ ലൈസന്‍സ് റദ്ദാക്കുന്ന കുറ്റമായിരുന്നെങ്കിലും 2019 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി വന്നപ്പോള്‍ സെക്‌ഷന്‍ 184 (സി) വിഭാഗത്തിലേക്കു മാറ്റിയതോടെയാണ് 2000 രൂപ പിഴയായി മാറിയത്. ഇതേ കുറ്റത്തിനു 3 വര്‍ഷത്തിനിടെ രണ്ടാമതും പിടിച്ചാല്‍ പിഴ 5000 രൂപയാണ്.
കയ്യില്‍ ഫോണ്‍ പിടിച്ചു സംസാരിക്കുന്നതും ബ്ലൂടൂത്ത് വഴി സംസാരിക്കുന്നതും ഡ്രൈവിങ്ങിലെ ശ്രദ്ധയെ ബാധിക്കുമെന്നതാണു കമ്മിഷണറേറ്റിന്റെ വിശദീകരണം. മറ്റൊരാളുടെ സംസാരത്തില്‍ ശ്രദ്ധിക്കുമ്പോള്‍ കാഴ്ചയിലും മറ്റു പ്രവര്‍ത്തനത്തിലും പൂര്‍ണമായും ശ്രദ്ധിക്കാനാകില്ല. എന്നാല്‍ കാറില്‍ പാട്ടുകേള്‍ക്കുന്നത് ഈ ഗണത്തില്‍ വരില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മറ്റൊരാളുമായുള്ള ആശയവിനിമയമാണു ശ്രദ്ധ മാറ്റുന്നത്.