ന്യൂഡൽഹി: രാജ്യത്ത് മുസ്ലിംകൾക്കെതിരെ ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നതിനെതിരായ ഹരജിയിൽ മറുപടി നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ്, ഹരിയാന പോലീസ് മേധാവികളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. മുസ്ലിംകൾക്കെതിരെ പ്രത്യേകിച്ചും ഗോരക്ഷയുടെ പേരിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ വർധനവിൽ ആശങ്ക പ്രകടിപ്പിച്ച് ദേശീയ മഹിള ഫെഡറേഷൻ (എൻ.എഫ്.ഐ.ഡബ്ല്യു) സമർപ്പിച്ച ഹരജിയിൽ വിശദവാദം കേൾക്കാൻ സമ്മതിച്ചാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
ആൾക്കൂട്ട ആക്രമണ കേസുകളിൽ ഹൈകോടതികളുടെ ഇടപെടൽ പരാജയമാണെന്ന് എൻ.എഫ്.ഐ.ഡബ്ല്യുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. സുപ്രീംകോടതി ഹൈകോടതിയിൽ പോകാൻ പറഞ്ഞാൽ ഒരു മാറ്റവുമുണ്ടാകില്ല. ഇത്രയും ഹൈകോടതികളിൽ തങ്ങൾ പോകേണ്ടി വരും. അതുകൊണ്ട് ഇരകൾക്കെന്ത് കിട്ടാനാണ്. 10 വർഷത്തിന് ശേഷം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. തഹ്സീൻ പൂനാവാല കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷവും ഇതാണവസ്ഥ. എവിടെയാണിനി തങ്ങൾ പോകേണ്ടതെന്ന് ചോദിച്ച സിബൽ ഏറെ ഗുരുതരമായ വിഷയമാണിതെന്ന് ഓർമിപ്പിക്കുകയും ചെയ്തു.