പത്തനംതിട്ട : ഈ വര്‍ഷത്തെ മഴക്കാല ദുരന്തസാധ്യത കണക്കിലെടുത്ത് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ (ഐ.ആര്‍.എസ്) ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടററ്റില്‍ ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ പ്രളയദുരിതം ഏറ്റവും കൂടുതല്‍ നേരിട്ട റാന്നി, കോന്നി, ആറന്മുള, തിരുവല്ല താലൂക്കുകളിലെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മോക്ഡ്രില്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
ജൂലൈ ഒന്നിന് തിരുവല്ല താലൂക്കിനു കീഴില്‍ വരുന്ന പെരിങ്ങര, നെടുമ്പ്രം, കാവുംഭാഗം പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പെരിങ്ങര പഞ്ചായത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. ജൂലൈ രണ്ടിനു കോഴഞ്ചേരി താലൂക്കിന് കീഴിലുള്ള ആറന്മുള, കോഴഞ്ചേരി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കോഴഞ്ചേരിയില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. റാന്നി താലൂക്കിന് കീഴിലുള്ള ഉപാസനക്കടവില്‍ ജൂലൈ മൂന്നിനും കോന്നി താലൂക്കില്‍ ചിറ്റാറില്‍ ജൂലൈ ആറിനും തിരുവല്ല താലൂക്കിനു കീഴിലുള്ള നിരണം, കടപ്ര പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ജൂലൈ ഏഴിനും മോക്ഡ്രില്‍ സംഘടിപ്പിക്കും.
മോക്ഡ്രില്‍ നടത്തുന്ന രീതിയെ സംബന്ധിച്ച് കെ.എസ്.ഡി.എം.എ യുടെ നിര്‍ദേശങ്ങള്‍ അവലോകനം ചെയ്തു. മോക്ഡ്രില്‍ സമയത്ത് വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകളും യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ താലൂക്ക്തല ഐ.ആര്‍.എസ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ജനപ്രതിനിധി, താലൂക്ക്തല ഐ.ആര്‍.എസ്. ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി, താലൂക്ക്തല ഇന്റര്‍ എജന്‍സി ഗ്രൂപ്പ് കണ്‍വീനര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്‍കും.
കോവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ദുരിത്യാശ്വാസ ക്യാമ്പുകളെ നാലായി തരം തിരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തി. 60 വയസിന് താഴെയുള്ളവര്‍, 60 വയസിനു മുകളിലുള്ളവര്‍, കോവിഡ് 19 രോഗലക്ഷണമുള്ളവര്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ എന്നിങ്ങനെ നാലായി തരം തിരിച്ചാണു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായാല്‍ പ്രായപരിധി അനുസരിച്ച് അതത് ക്യാമ്പുകളിലേക്ക് മാറ്റാവുന്നതാണെന്നും കെ.എസ്.ഡി.എം.എ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മോക്ഡ്രില്‍ നടത്തുന്ന പ്രദേശങ്ങളില്‍ നിരീക്ഷിക്കുന്നതിനായി തദേശസ്വയംഭരണ ഉദ്യോഗസ്ഥരില്‍ നിന്നും ഒരാളെ നിയമിക്കണമെന്നതും യോഗത്തില്‍ ചര്‍ച്ചയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എ.ഡി.എംഅലക്‌സ് പി.തോമസ്, സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, അടൂര്‍ ആര്‍.ഡി.ഒ: എസ്.ഹരികുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാ സിനി, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.