കൊച്ചി : മോഡലുകള്‍ അടക്കം മൂന്നുപേരുടെ മരണത്തിന് വഴിയൊരുക്കിയ വാഹനാപകട ക്കേസില്‍ അന്വേഷണ സംഘം ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.മോഡലുകളായ അന്‍സി കബീര്‍ (25), അഞ്ജന ഷാജന്‍ (26), സുഹൃത്ത് തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.കേസിലെ രണ്ടാം പ്രതിയായ കൊല്ലം നല്ലില സ്വദേശി സൈജു എം തങ്കച്ചന്‍ (41) മറ്റ് പ്രതികളുടെ പ്രേരണയാല്‍ മോഡലുകളെ അമിത വേഗത്തില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ടവരുടെ സുഹൃത്തും അപകടത്തില്‍ അകപ്പെട്ട വാഹനത്തിന്റെ ഡ്രൈവറുമായിരുന്ന തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഒന്നാം പ്രതി.
ഇയാളെ മാപ്പുസാക്ഷിയാക്കി മറ്റുപ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാന്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു. സൈജു എം. തങ്കച്ചന് പുറമെ ഫോര്‍ട്ട്കൊച്ചി നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ വയലാറ്റും ഹോട്ടല്‍ ജീവനക്കാരായ അഞ്ചുപേരും കേസിലെ പ്രതിപ്പട്ടികയിലുണ്ട്. അബ്ദുറഹ്മാനെ മാപ്പുസാക്ഷിയാക്കിയില്ലെങ്കില്‍ ഇയാളടക്കം കുറ്റപത്രത്തില്‍ എട്ട് പ്രതികളുണ്ടാകും. കേസ് അന്വേഷണത്തിനിടയിലാണ് മൂന്നും രണ്ടും പ്രതികളായ റോയിക്കും സൈജുവിനും എതിരായ പോക്സോ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നതും പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതും.
സുഹൃത്തുക്കളായ അബ്ദുല്‍ റഹ്മാനും കൊല്ലപ്പെട്ട ആഷിഖിനും ബോധപൂര്‍വം അമിത അളവില്‍ മദ്യം നല്‍കിയ ശേഷം മോഡലുകളെ ഉപദ്രവിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതു മനസ്സിലാക്കിയ മോഡലുകളും സുഹൃത്തുക്കളും പാര്‍ട്ടി അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ ഹോട്ടല്‍ വിട്ടിറങ്ങിയതിന്റെ ദേഷ്യത്തിലാണ് സൈജു മറ്റൊരു കാറില്‍ അമിതവേഗത്തില്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി ഇവരെ പ്രതിയുടെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് കേസ്. കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലാണ്.