തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരമുളള മോഡേണ്‍ ഫാര്‍മസിയെ വരവേല്‍ക്കാന്‍ ഒരുങ്ങി തലസ്ഥാനം. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് മോഡേണ്‍ ഫാര്‍മസി നാടിന് സമര്‍പ്പിക്കാനുളള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. എം ആര്‍ പി വിലയില്‍ നിന്നും കുറച്ച് ഇന്ത്യയില്‍ ആദ്യമായി മരുന്നുകള്‍ വില്‍ക്കാന്‍ തുടങ്ങിയ ഇന്‍ഹൗസ് ഡ്രഗ് ബാങ്കിന്‍റെ നിര്‍മ്മാണം ആരംഭിക്കാന്‍ ഇരിക്കുന്ന പുതിയ കെട്ടിടമാണ് മോഡേണ്‍ ഫാര്‍മസിയാകുന്നത്.
സാധാരണ മെഡിക്കല്‍ സ്റ്റോറില്‍ ഡോക്‌ടറുടെ കുറിപ്പുമായി മരുന്ന് വാങ്ങാന്‍ മാത്രമാണ് നമ്മളൊക്കെ പോകാറുളളത്. ഒരു മരുന്ന് എങ്ങനെ കഴിക്കണമെന്നും ആ മരുന്ന് കഴിക്കുമ്പോള്‍ എന്തൊക്കെ കഴിക്കാതിരിക്കണമെന്നും ജീവിതക്രമം എങ്ങനെയായിരിക്കണമെന്നും ഒന്നും ഭൂരിപക്ഷം പേര്‍ക്കും അറിയില്ല. ഇതിനുളള പ്രതിവിധിയാണ് ഇന്‍ഹൗസ് ഡ്രഗ് ബാങ്കിന്റെ മോഡേണ്‍ ഫാര്‍മസി.
പ്രത്യേകതകള്‍
രോഗികള്‍ക്ക് വ്യക്തിപരമായ കൗണ്‍സിലിംഗ്
എല്ലാ മരുന്നുകളെയുംപ്പറ്റി അറിയുന്നതിനുളള കിയോസ്‌ക് സംവിധാനം,
രോഗവിവരങ്ങള്‍ അറിയുന്നതിന് ഡോക്‌ടര്‍മാര്‍ നയിക്കുന്ന ടെലിവിഷന്‍ ക്ലാസുകള്‍
എ ടി എം കൗണ്ടര്‍
മരുന്ന് വാങ്ങാന്‍ വരുന്നവര്‍ക്ക് ക്യൂ നില്‍ക്കേണ്ട. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും
മുതിന്നവര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം കൗണ്ടറുകള്‍
ഓപ്പറേഷന്‍ തീയേറ്റര്‍, കീമോതെറാപ്പി അടക്കം അത്യാഹിത വിഭാഗത്തിലെ രോഗികള്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍
മരുന്ന് വീട്ടിലെത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഇതിനായുളള ആപ്പിന്റെ ട്രയല്‍ റണ്‍ തുടങ്ങി
കെട്ടിട നിര്‍മ്മാണത്തിന്റെ ചുമതല ഹാബിറ്റാറ്റിനാണ്. 150 ദിവസമാണ് പണി പൂര്‍ത്തിയാക്കുന്നതിന് ഹാബിറ്റാറ്റ് പറഞ്ഞിരിക്കുന്ന സമയം. എന്നാല്‍ ഡ്രഗ് ബാങ്കിലെ തിരക്ക് കാരണം നൂറ് ദിവസത്തിനകം പണി പൂര്‍ത്തിയാക്കി തരാമെന്നാണ് സ്ഥലം സന്ദര്‍ശിച്ച ആര്‍കിടെക്‌ട് ശങ്കര്‍ അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. ശീതീകരിച്ച ഇരുനില കെട്ടിടത്തിനും മറ്റ് ക്രമീകരണങ്ങള്‍ക്കുമായി അഞ്ച് കോടി രൂപയാണ് പദ്ധതിച്ചെലവ്. ആരോഗ്യമന്ത്രിയുടെ ശ്രമഫലമായാണ് നൂറ് ദിവസത്തിനകം പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതെന്ന് ഇന്‍ഹൗസ് ഡ്രഗ് ബാങ്ക് ചീഫ് ഫാര്‍മസിസ്റ്റ് എ ബിജു വ്യക്തമാക്കി.