തിരുവനന്തപുരം: കേരളത്തിൻ്റെ റെയിൽ വികസന കുതിപ്പിന് പ്രധാനമന്ത്രിയുടെ പച്ചക്കൊടി. വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.ചരിത്ര നിമിഷത്തിനാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്.ഫ്ലാഗ് ഓഫ് ചടങ്ങിന് മുൻപായി വന്ദേ ഭാരത് ലെ സി 2 കോച്ചിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കൊച്ചിയിലേതുപോലെ പദ്മനാഭന്റെ മണ്ണിലും ജനനായകന്റെ അപ്രതീക്ഷിതമായ റോഡ് ഷോ അരങ്ങേറി.10.30നായിരുന്നു വന്ദേ ഭാരത്തിന്റെ ഉദ്‌ഘാടന ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നത്.
റോഡ് ഷോ മുൻനിർത്തി ഉദ്ഘാടന സമയത്തിൽ മാറ്റം ഉണ്ടായിരുന്നു.11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ റയിൽവേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടർ മെട്രോ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനു ശേഷം 12 മണിയോടെ പ്രധാനമന്ത്രി മടങ്ങിപോകും. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഏറെ പ്രത്യേകതയുള്ളതാണ് വന്ദേഭാരത് ട്രെയിൻ. വേഗത, സുരക്ഷ, മികച്ച സേവനം, ആഡംബര യാത്ര… ഒറ്റനോട്ടത്തില്‍ ഇതെല്ലാമാണ് വന്ദേഭാരത് ട്രെയിൻ. ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. 200 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ സഞ്ചരിക്കാൻ സാധിക്കും.
പക്ഷേ കേരളത്തിലെ പാളങ്ങളിൽ അത്രയും വേഗം കിട്ടില്ല.മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത്. കയറുന്ന വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ് വന്ദേഭാരതില്‍. ലോക്കോ പൈലറ്റാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. അനധികൃതമായി ആര്‍ക്കും ട്രെയിനിലേക്ക് കയറാനാകില്ല. മോഷണം വലിയ പരിധിവരെ തടയാൻ കഴിയും.