ന്യൂഡൽഹി: 250 വർഷം ബ്രിട്ടീഷുകാർ കൊള്ളയടിച്ചതിനെക്കാൾ കൂടുതൽ ഒമ്പത് വർഷം കൊണ്ട് ഇന്ത്യയെ മോദി സർക്കാർ കൊള്ളയടിച്ചുവെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കെജ്രിവാളിന്‍റെ പരാമർശം. ഛത്തീസ്ഗഡിലെ അഴിമതികൾ ഇല്ലാതാക്കാൻ ആം ആദ്മിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. “വോട്ട് വിലക്ക് വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി മോദിജി എന്നോട് ദേഷ്യത്തിലാണ്. അതെ മോദിജി, ഞാന്‍ പലതും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളുടെ ആളുകൾ ആ സൗജന്യങ്ങളെല്ലാം കൊള്ളയടിച്ച് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ഞാൻ പാവങ്ങളുടെ കൈയിൽ നേരിട്ട് ഈ സൗജന്യങ്ങൾ എത്തിക്കുന്നതിന് നിങ്ങൾ ഇത്ര പരവശനാകുന്നത് എന്തിനാണ്” – കെജ്രിവാൾ പറഞ്ഞു.
രാജ്യത്ത് പ്രതിദിനമുണ്ടാകുന്ന വിലക്കറ്റത്തെയും കെജ്രിവാൾ പരാമർശിച്ചു. “പച്ചക്കറി, പാൽ, പൊടികൾ എന്നിവക്ക് പ്രതിദിനം വില കൂടുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ രാജ്യത്ത് വിലക്കയറ്റമുണ്ടാകുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സ്വാതന്ത്ര്യത്തിന് ശേഷം ചുമത്താവുന്നതിൽ വെച്ച് കൂടുതൽ നികുതി മോദി സർക്കാർ ചുമത്തി. ചായയെയോ കാപ്പിയെയോ പോലും മോദി സർക്കാർ വെറുതെവിട്ടിട്ടില്ല. ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന സമയത്ത് അവർ പോലും പാലിനോ മറ്റ് ഉത്പന്നങ്ങൾക്കോ നികുതി ചുമത്തിയിരുന്നില്ല.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനിടക്ക് ഇതുവരെ ഭക്ഷണ സാധനങ്ങൾക്ക് മേൽ നികുതി ചുമത്തുന്ന സംസ്കാരം നമ്മൾ കണ്ടിട്ടില്ല. ഇത്രയധികം നികുതി ചുമത്തിയിട്ട് ആ പണം മോദിജി ആർക്കാണ് നൽകുന്നത്? അദ്ദേഹത്തിന് ‘സുഹൃത്തുക്കൾ’ ഉണ്ട്. സുഹൃത്തിന്‍റെ 11 ലക്ഷം കോടിയുടെ വായ്പയാണ് മോദിജി എഴുതിത്തള്ളിയത്. 250 വർഷം കൊണ്ട് ബ്രിട്ടീഷുകാർ കൊള്ളയടിച്ചതിനേക്കാൾ കൂടുതൽ വെറും ഒമ്പത് വർഷം കൊണ്ട് മോദിജി കൊള്ളയടിച്ചു. 75 വർഷത്തിനിടക്ക് കോൺഗ്രസ് പോലും ഇത്രയും കൊള്ളയടിച്ചിട്ടില്ല” – അദ്ദേഹം പറഞ്ഞു.