മുംബൈ : മഹാരാഷ്ട്രയിലെ രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നതുമായി ബന്ധപ്പെട്ട് ശിൽപിയും കരാറുകാരനുമായ 24 കാരൻ ജയദീപ് ആപ്‌തെ അറസ്റ്റിൽ. പോലീസ് തിരയുന്നിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി താനെ ജില്ലയിലെ കല്യാണിൽനിന്ന് ഇയാളെ പിടികൂടിയത്. ആപ്‌തെയെ സിന്ധുദുർഗ് പോലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റുമെന്ന് താനെയിലെ ജോയിന്‍റ് പോലീസ് കമ്മീഷണർ ജ്ഞാനേശ്വർ ചവാൻ അറിയിച്ചു. മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ സ്ഥാപിച്ച ശിവജിയുടെ 35 അടിയുള്ള പ്രതിമയാണ് ആഗസ്റ്റ് 26ന് തകർന്നുവീണത്. മോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തകർന്നതുമുതൽ മഹാരാഷ്ട്ര പോലീസ് ഇയാളെ തിരയുകയായിരുന്നു. ഇതിനായി ഏഴു സംഘങ്ങൾ രൂപീകരിച്ചു. സ്ട്രക്ചറൽ കൺസൾട്ടന്‍റ് ചേതൻ പാട്ടീലിനെ കഴിഞ്ഞയാഴ്ച കോലാപൂരിൽ വെച്ച് പിടികൂടിയിരുന്നു.
ആപ്‌തെക്കും പാട്ടീലിനും എതിരെ അശ്രദ്ധക്കും മറ്റ് കുറ്റങ്ങൾക്കുമാണ് കേസെടുത്തത്. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായെത്തിയതോടെ സംഭവം സുപ്രധാന രാഷ്ട്രീയ വിവാദത്തിന് കാരണമായി. സർക്കാരിനെ വിമർശിച്ചവർ വായ അടക്കണമെന്നും ജയദീപ് ആപ്‌തെയെ അറസ്റ്റ് ചെയ്യാൻ പോലീസ് കുറച്ച് സമയമെടുത്തെങ്കിലും തങ്ങൾ ഒരു ക്രെഡിറ്റും എടുക്കുന്നില്ലെന്നും അറസ്റ്റിനോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് പ്രവീൺ ദാരേക്കർ പറഞ്ഞു. ആപ്‌തെയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റൊന്നും എടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണ്ട. അത് സർക്കാരിന്റെ കടമയാണ്. അയാൾ ഏതോ അധോലോക നായകൻ ആയിരുന്നില്ലെന്നും ശിവസേന നേതാവ് സുഷമ അന്ധാരെ ഇതിനോട് പ്രതികരിച്ചു.