ഡല്‍ഹി: കേന്ദ്രം പ്രഖ്യാപിച്ച ജാതി കണക്കെടുപ്പില്‍ അടിമുടി അവ്യക്തയെന്ന് നിയമജ്ഞന്‍ മോഹന്‍ ഗോപാല്‍. കണക്കെടുപ്പ് എന്ന് നടത്തുമെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. പൊതുസെന്‍സസിന്റെ ഒപ്പമാണ് കേന്ദ്രം ജാതികണക്കെടുപ്പ് പ്രഖ്യാപിച്ചത്. തെലങ്കാന മാതൃക ജാതിസര്‍വേ കേരളത്തില്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ നടക്കേണ്ടിയിരുന്ന പൊതുസെന്‍സസ് നാല് വര്‍ഷം കഴിഞ്ഞിട്ടും നടത്തിയിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരവസ്ഥ. നാല് വര്‍ഷമായി വരാത്ത ‘വണ്ടി’ ഇപ്പോള്‍ വരുമെന്ന് എങ്ങനെ വിശ്വസിക്കും? ഇപ്പോള്‍ നടത്തിയ പ്രഖ്യാപനത്തില്‍ പോലും വ്യക്തതയോ ആത്മാര്‍ത്ഥയോ ഉണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഗോപാല്‍ പ്രതികരിച്ചു.
പത്തു വര്‍ഷം കൂടുമ്പോള്‍ നടത്തിയിരുന്ന പൊതുസെന്‍സസ് എന്നു നടത്തും എന്നതാണ് ആദ്യം അറിയിക്കേണ്ടത്. എന്നെങ്കിലും നടക്കുന്ന സെന്‍സസിന്റെ കൂടെ ജാതികണക്കെടുപ്പ് കൂടി നടത്താം എന്ന് പറയുന്നതില്‍ കാര്യമില്ല. എങ്ങനെയാണ് കണക്കെടുപ്പ് നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നോ എന്തൊക്കെയാണ് മാനദണ്ഡങ്ങളെന്നോ വിശദമാക്കിയിട്ടില്ല. ഓരോ സമുദായങ്ങളെയും പ്രത്യേകമായെടുത്ത് ബ്രീട്ടീഷ് മാതൃകയിലാണോ അതോ കോണ്‍ഗ്രസ് തെലങ്കാനയില്‍ ചെയ്തതുപോലെ ഒബിസി, എസ്‌സി-എസ്ടി എന്ന് മാത്രമെടുത്ത് ഒന്നിച്ചൊരു കണക്കെടുപ്പാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.