കല്‍പറ്റ : പടിഞ്ഞാറത്തറ മീന്‍മുട്ടിയില്‍ നടന്ന വെടിവെപ്പില്‍ മാവോവാദി വേല്‍മുരുകന്‍ കൊല്ലപ്പെട്ട സംഭവത്തിലെ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിെന്റ ഭാഗമായി തെളിവ് ഹാജരാക്കാന്‍ അവസരം. സാക്ഷികള്‍, പൊതുജനങ്ങള്‍, വെടിവെപ്പില്‍ കൊല്ലപ്പെട്ട വേല്മുരുകെന്റ ബന്ധുക്കള്‍ എന്നിവര്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട് തെളിവ് ഹാജരാക്കാനോ എന്തെങ്കിലും ബോധിപ്പിക്കാനോ ഉണ്ടെങ്കില്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 28നു രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ വയനാട് കലക്ടറുടെ മുമ്പാകെ നേരിട്ട് ബോധിപ്പിക്കാനാണ് അവസരം.
2020 നവംബര്‍ മൂന്നിനാണ് സി.പി.ഐ (മാവോവാദി) കബനീ ദളത്തിലെ പ്രവര്‍ത്തകന്‍ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം പുതുക്കോട്ടൈ സ്വദേശി വേല്‍മുരുകന്‍ (32) കൊല്ലപ്പെട്ടത്. പടിഞ്ഞാറത്തറ കാപ്പിക്കളം വാളാരംകുന്ന് മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു സമീപത്തുവെച്ച് യൂനിഫോം ധരിച്ച മാവോവാദികള്‍ വെടിവെച്ചപ്പോള്‍ തിരിച്ചടിെച്ചന്നാണ് ജില്ല പോലീസ് മേധാവിയായിരുന്ന ജി.പൂങ്കുഴലി അറിയിച്ചിരുന്നത്. എന്നാല്‍, വ്യാജ ഏറ്റുമുട്ടല്‍ ആണെന്നാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികരിച്ചത്. സംഭവസ്ഥലത്തേക്ക് തിരിച്ച മാധ്യമ പ്രവര്‍ത്തകരെ മൂന്നു കിലോമീറ്റര്‍ ദൂരെ കാപ്പിക്കളത്ത് പോലീസ് തടഞ്ഞിരുന്നു.
ഏറ്റുമുട്ടല്‍ നാട്ടുകാരില്‍ പലരും അറിയുന്നത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹം എത്തിയപ്പോഴായിരുന്നു. മാനന്തവാടി എസ്.ഐ ബിജു ആന്‍റണിയുടെ നേതൃത്വത്തില്‍ നക്സല്‍വിരുദ്ധ സേന പരിശോധന നടത്തുന്നതിനിടെ പ്രകോപനമില്ലാതെ മാവോവാദികള്‍ പോലീസിനുനേരെ വെടിയുതിര്െത്തന്നാണ് പോലീസ് നല്‍കിയ വിവരം. ഇതുപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വേല്‍മുരുകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് വയനാട് ജില്ല മജിസ്‌ട്രേറ്റ് കൂടിയായ അന്നത്തെ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയെ ചുമതലപ്പെടുത്തി 2020 നവംബര്‍ 11നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അന്വേഷണം നീളുകയായിരുന്നു. നിലവിലെ വയനാട് കലക്ടര്‍ എ.ഗീത മുമ്പാകെ തെളിവുകള്‍ ഹാജരാക്കാനാണ് ഇപ്പോള്‍ അവസരമൊരുങ്ങുന്നത്.