കല്ലമ്പലം : തിരുവനന്തപുരം മുത്താനയിൽ 22കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ രണ്ടു പേർ പോലീസ് പിടിയിൽ. കല്ലമ്പലം മാവിൻമൂട് ചാവരുവിള വീട്ടിൽ സുരേഷ് ബാബു (52), മുത്താന ചെമ്മരുതി പള്ളിത്താഴം വീട്ടിൽ കുമാർ (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
സ്ഥിരമായി വസ്ത്രം കഴുകുന്നതിനും കുളിക്കുന്നതിനുമായി ബന്ധുവീട്ടിൽ പോകാറുള്ള യുവതി സംഭവ ദിവസം കുളിക്കാനെത്തിയപ്പോൾ ബന്ധുവീട്ടിൽ ആളുണ്ടായിരുന്നില്ല. ഈ സമയം ബന്ധുവിനെ തിരക്കി വന്ന പ്രതികളിലൊരാൾ വീട്ടിലെത്തിയിരുന്നു.
മടങ്ങിപ്പോയ ശേഷം മറ്റ് മൂന്നു പേരുമായി മടങ്ങി വന്ന് യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. മൽപ്പിടിത്തത്തിനിടയിൽ തല ഭിത്തിയിലിടിച്ച് യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ബോധക്ഷയമുണ്ടായതിനെത്തുടർന്ന് പ്രതികൾ രക്ഷപ്പെടുകയുമായിരുന്നു.
സൈബർ സെല്ലിലെ ഉദ്യോഗസ്ഥരെയും ഫോറൻസിക് വിദഗ്ധരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംഭവ സമയത്ത് സ്ഥലത്ത് പ്രതികളുടെ സംശയാസ്പദമായ സാന്നിധ്യം തിരിച്ചറിഞ്ഞതും സംഭവത്തിനുശേഷം സമീപത്തുള്ള ഒരാളെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയെന്ന വിവരം ലഭിച്ചതും പ്രതികളിലേക്കെത്താൻ സഹായകമായി.
സാക്ഷികളുടെയും അക്രമത്തിനിരയായ യുവതിയുടെയും വിവരണങ്ങളിൽ നിന്ന് പ്രതികളുടെ സ്കെച്ച് തയ്യാറാക്കിയതും പ്രതികളിലേക്ക് എത്താൻ സഹായിച്ചു. പ്രതികളെ കനത്ത പോലീസ് കാവലിൽ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു