ന്യൂഡൽഹി: ഔദ്യോഗികവസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണം ഉയർന്നതിന് പിന്നാലെ രൂപീകരിക്കപ്പെട്ട ആഭ്യന്തര സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആഭ്യന്തര സമിതി റിപ്പോർട്ടും എതിരായതോടെ യശ്വന്ത് ശർമ്മ രാജിവെക്കേണ്ടിവന്നേക്കും. അഥവാ രാജി വെക്കാൻ യശ്വന്ത് ശർമ്മ തയാറായില്ലെങ്കിൽ സമിതി റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കും. തുടർന്ന് രാഷ്‌ട്രപതി യശ്വന്ത് ശർമ്മയെ ഇംപീച്ച് ചെയ്യും. മാർച്ച് ആദ്യവാരത്തിലാണ് സമിതി അന്വേഷണം ആരംഭിച്ചത്.
പഞ്ചാബ് ഹരിയാന ഹൈകോടതികളിലെ ചീഫ് ജസ്റ്റിസായ ഷീല നാഗു, ഹിമാചൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന സമിതിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായ നിരവധി ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. വസതിയില്‍ തീപിടിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്.
ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സ് സംഘം സംഭവം പോലീസിനെ അറിയിക്കുകയും, പോലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും അറിയിച്ചിരുന്നു. യശ്വന്ത് ശർമയെ നിലവിൽ അലഹബാദ് ഹൈക്കോടതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. നടപടിയിൽ വിമർശനവുമായി വിവിധ ബാർ അസോസിയേഷനുകൾ രംഗത്തെത്തിയിരുന്നു. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് ഹൈക്കോടതി എന്നാണ് സ്ഥലം മാറ്റത്തിൽ അലഹാബാദ് ബാർ അസോസിയേഷൻ പ്രതികരിച്ചത്.