കൊച്ചി : പത്മം താമസിച്ചിരുന്ന മുറിയില്‍ നിന്ന് പോലീസ് അരലക്ഷത്തിലേറെ രൂപ കണ്ടെടുത്തു. കൊല്ലപ്പെട്ട പത്മം എളംകുളത്തു താമസിച്ചിരുന്ന വാടക മുറിയില്‍നിന്നു കണ്ടെടുത്തത് 57,200 രൂപ. മുറിയിലെ കിടക്കയ്ക്ക് അടിയില്‍ സൂക്ഷിച്ച നിലയിലാണു പണമുണ്ടായിരുന്നതെന്നു അയല്‍വാസികള്‍ പറഞ്ഞു. പൂട്ടിക്കിടക്കുകയായിരുന്ന മുറി കഴിഞ്ഞ ദിവസം പോലീസ് തുറന്നു പരിശോധിച്ചപ്പോഴാണു പണം കണ്ടെത്തിയത്.
എളംകുളം ഫാത്തിമ മാതാ പള്ളി റോഡില്‍ ഇതര സംസ്ഥാനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു ധര്‍മപുരി സ്വദേശിയായ പത്മം താമസിച്ചിരുന്നത്. നേരത്തേ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. പിന്നീട് ഭര്‍ത്താവു നാട്ടിലേക്കു മടങ്ങി. തിരിച്ചെത്തി ഫെബ്രുവരി മുതല്‍ വീണ്ടും താമസം തുടങ്ങിയെങ്കിലും ഒറ്റയ്ക്കായിരുന്നുവെന്നു ലോഡ്ജ് ഉടമസ്ഥനായ റിജോ ജോസഫ് പറഞ്ഞു.
3,500 രൂപയായിരുന്നു വാടക. കഴിഞ്ഞ മാസത്തെ ഒഴികെയുള്ള വാടക നല്‍കിയിരുന്നു. മറ്റു ചില വാടകക്കാരെ കൂടി പത്മമാണു ലോഡ്ജിലേക്കു കൊണ്ടു വന്നത്. എന്നാല്‍ സമീപ മുറികളില്‍ താമസിച്ചിരുന്നവരുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. കൂലിപ്പണിയും ലോട്ടറി വില്‍പനയുമാണു ചെയ്തിരുന്നത്. അമ്മന്‍കോവില്‍ റോഡ്, ചിറ്റൂര്‍ റോഡ് പരിസരങ്ങളിലായിരുന്നു ലോട്ടറി വില്‍പന.
പത്മത്തിന്‍റെ സഹോദരി പളനിയമ്മ കലൂരിലാണു താമസം. 15 വര്‍ഷം മുമ്പാണു പത്മവും ഭര്‍ത്താവും കൊച്ചിയിലെത്തിയതെന്നു പളനിയമ്മ പറഞ്ഞു. മൂന്നു മാസം മുമ്പുഅസുഖം ബാധിച്ചതിനെ തുടര്‍ന്നു ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പത്മം തനിച്ചാണു ജോലിക്കു പോയിരുന്നതെന്നും അവര്‍ പറഞ്ഞു.