റിയാദ് : സൗദിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 5 സ്വദേശികൾ ഉൾപ്പെടെ 21 അംഗ സംഘത്തിന് മൊത്തം 106 വർഷം തടവും 10.8 ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചു. സംഘാംഗങ്ങളിൽനിന്ന് 50 ലക്ഷം റിയാൽ കണ്ടെടുത്തു. ഇവരുടെ ബാങ്ക് അക്കൗണ്ടിലെ 20 ലക്ഷം റിയാൽ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
5 സ്വദേശികളുടെ പേരിലുള്ള 7 ഭക്ഷ്യോൽപന്ന ഇറക്കുമതി സ്ഥാപനങ്ങളുടെ അക്കൗണ്ട് വഴി അനധികൃത പണമിടപാടു നടത്തി കോടികൾ വിദേശത്തേക്ക് അയച്ചു എന്നാണ് കുറ്റം. 16 അറബ് പൗരന്മാരാണ് ഇവരുടെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.
ഇതുവഴി 46.5 കോടി റിയാൽ വിദേശത്തേക്കു അയച്ചിരുന്നു. കുറ്റക്കാരായ സൗദി പൗരന്മാർക്കു യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശികളെ ശിക്ഷയ്ക്കുശേഷം നാടുകടത്തും. ഇവർ വിദേശത്തേക്കു അയച്ച പണം വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നു.