പാലക്കാട്: മുതലമട ചാരിറ്റബിള്‍ ട്രസ്റ്റ് തലവന്‍ സ്വാമി സുനില്‍ ദാസ് പ്രഭാകരനെതിരെ പണം തട്ടിപ്പ് കേസുമായി മുംബൈ സ്വദേശി. 2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് മുംബൈ സ്വദേശിയായ എഎസ് മാധവന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപയുടെ പുരസ്‌കാരം വാഗ്ദാനം ചെയ്താണ് സുനില്‍ ദാസ് തട്ടിപ്പ് നടത്തിയത്. പുരസ്‌കാരത്തിന്റെ പേരില്‍ അഞ്ചരക്കോടി രൂപയാണ് വാരിയര്‍ ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയായ മാധവന്റെ കൈയില്‍ നിന്നും സ്വയം പ്രഖ്യാപിത ആള്‍ ദൈവം തട്ടിച്ചത്.
പാലക്കാട് കേന്ദ്രമായുള്ള മുതലമട ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സുനില്‍ ദാസ്, 2018 സെപ്റ്റംബറിലാണ് എ എസ് മാധവനെ സമീപിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍ മേധാവിയായിരുന്ന ടി എന്‍ ശേഷന്റെ പേരിലുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് മാധവന്റെ ട്രസ്റ്റാണെന്ന് സുനില്‍ അറിയിക്കുന്നു. പ്രളയബാധിത മേഖലയിലെ ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയതിനാണ് പുരസ്‌കാരമെന്നും 25 കോടി രൂപയുടെ ചെക്ക് നല്‍കുമെന്നും സുനില്‍ ദാസ് മാധവനെ അറിയിച്ചു. പണം ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെനന്നും സുനില്‍ മാധവനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 , 406 എന്നിവ പ്രകാരമാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ കേസെടുത്തത്.