വടകര : കൈനാട്ടി ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയില്‍നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ മുന്‍ നേതാവിനെതിരെ വടകര പോലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഡി.വൈ.എഫ്.ഐ കല്ലാച്ചി മേഖല മുന്‍ സെക്രട്ടറി സി.കെ. നിജേഷിനെതിരെയാണ് കേസെടുത്തത്. 2019 ജനുവരിയിലാണ് സ്വര്‍ണ വ്യാപാരിയായ കല്ലാച്ചി വരിക്കോളി സ്വദേശി പി.രാജേന്ദ്രന്റെ പണം കാറിലെത്തിയ സംഘം കവര്‍ന്നത്. സ്വര്‍ണം വില്‍ക്കാനുണ്ടെന്നു പറഞ്ഞ് കൈനാട്ടിയിലെത്തിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നായിരുന്നു കേസ്. സംഭവത്തില്‍ ഉള്‍പെട്ട നിജേഷിനെ ഉള്‍പെടുത്താതെ ആറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാല്‍, ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് രാഷ്ട്രീയ സ്വാധീനം കാരണമാണെന്ന് ആക്ഷേപം ഉയര്‍ന്നു.
2021 ജൂലൈയില്‍ കൊയിലാണ്ടിയില്‍ അരിക്കുളം സ്വദേശിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്തിരുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍തന്നെയാണ് പണം കവര്‍ന്നതെന്ന് രാജേന്ദ്രന് ആരോപിക്കുകയും ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വടകര ഡി.വൈ.എസ്.പി പ്രാഥമിക അന്വേഷണം നടത്തുകയും കേസ് പുനരന്വേഷണത്തിനായി വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സി.ഐ കെ.കെ ബിജു അപേക്ഷ നല്‍കുകയും ചെയ്തു. കോടതി അനുമതിയോടെ നടത്തിയ പുനരന്വേഷണത്തിലാണ് നിജേഷിനെ ഏഴാം പ്രതിയാക്കിയത്. പ്രതിപ്പട്ടികയില്‍ ഉള്പെട്ടതറിഞ്ഞ് നിജേഷ് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.