പൊൻകുന്നം : സിപിഎം മുന്‍ വനിത പഞ്ചായത്തംഗവും സുഹൃത്തുക്കളും ചേര്‍ന്ന് ചിട്ടിപ്പണം തട്ടി പണം കിട്ടാനുള്ളവര്‍ പ്രതിഷേധവുമായി പൊന്‍കുന്നം സ്റ്റേഷനില്‍.
ഒൻപത് വനിതകൾ ചേർന്ന് നടത്തിയ ചിട്ടിയിൽ ഒന്നരക്കോടി രൂപയോളം കിട്ടാനുള്ളവരാണ് പ്രതിഷേധവുമായി പൊന്‍കുന്നം സ്റ്റേഷനില്‍ എത്തിയത്. ചിറക്കടവ് പഞ്ചായത്തിലെ സി.പി.എമ്മിന്റെ മുൻ വനിതാപഞ്ചായത്തംഗവും മറ്റ് എട്ട് വനിതകളും ചേർന്ന് ചിട്ടിപ്പണം കൈക്കലാക്കിയെന്നാണ് കേസ്. ഇവരിൽ ചിലർ പണം കിട്ടാനുള്ളവർക്ക് പ്രോമിസറി നോട്ടെഴുതി നൽകി തർക്കത്തിന് താത്കാലിക പരിഹാരം.
ശനിയാഴ്ച ചിട്ടി നടത്തിപ്പുകാർ സ്റ്റേഷനിൽ 5,40,000 രൂപ കൊണ്ടുവന്നു. പരാതിക്കാർക്ക് മൂവായിരവും നാലായിരവും രൂപ വീതിച്ച് നൽകാൻ മാത്രമേ തികഞ്ഞുള്ളൂ.ശനിയാഴ്ച പണം കൊടുത്തുതീർക്കുമെന്ന് മുമ്പ് പൊൻകുന്നം പോലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. ആ ധാരണപ്രകാരം പണം കിട്ടാത്തതിനെത്തുടർന്നാണ് സ്ത്രീകളുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി പോലീസ് സ്റ്റേഷനിലെത്തിയത്. തട്ടിപ്പിനിരയായതെല്ലാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളാണ്. ചിറക്കടവ് രണ്ടാംവാർഡിലെ ശാന്തിഗ്രാം കോളനിയിൽ അയൽക്കൂട്ടത്തിന്റെ പേരിൽ അനൗദ്യോഗികമായി നടത്തിവന്ന ചിട്ടി പിന്നീട് ഏതാനും സ്ത്രീകൾ സ്വന്തംനിലയിൽ കൈകാര്യം ചെയ്യുകയായിരുന്നു.
കുടുംബശ്രീയുടെ പേരിൽ രജിസ്‌ട്രേഷനില്ലാതെ മുൻപഞ്ചായത്തംഗമുൾപ്പെടെയുള്ളവർ നടത്തിയ ഒന്നരലക്ഷം രൂപ സലയുള്ള ചിട്ടിയിൽ 154 പേർ ചേർന്നിരുന്നു. ഇവരെല്ലാം ഒരുലക്ഷം രൂപയോളം അടയ്ക്കുകയും ചെയ്തു. ചിട്ടി കിട്ടിയവർക്കാർക്കും പണം ലഭിച്ചില്ല. ഒന്നരക്കോടി രൂപയോളം നടത്തിപ്പുകാർ മറിച്ചതായാണ് കേസ്. മുൻപഞ്ചായത്തംഗം 20 ലക്ഷം രൂപയിലേറെയും മറ്റൊരു സ്ത്രീ 37 ലക്ഷം രൂപയും മറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക മറ്റുള്ളവരുടെ പക്കലുമായി. ഇവരെല്ലാവരും പ്രോമിസറി നോട്ടെഴുതി നൽകാൻ തയ്യാറായിട്ടില്ല.