നമ്മളില്‍ ചിലര്‍ക്കെങ്കിലും അമിതമായി പണം ചെലവഴിക്കുന്ന ശീലമുണ്ടായിരിക്കാം. പണം ചെലവാക്കിയ ശേഷം നമ്മള്‍ ഖേദിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതും പ്രധാനമാണ്. അതിനാല്‍ പാഴ്‌ച്ചെലവുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ ലളിതമായ മാര്‍ഗങ്ങളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ പാഴ്ചെലവ് ഒഴിവാക്കാവുന്നതാണ്. എന്നാല്‍ ഇത് ശീലമാക്കി മാറ്റാന്‍ നിങ്ങള്‍ തന്നെ പരിശ്രമിക്കണം എന്നത് ഓര്‍മ്മിക്കണം. സുരക്ഷിതമായ ഭാവിക്കും അമിത ചെലവ് ഒഴിവാക്കാനും കൂടുതല്‍ ലാഭിക്കാനും എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള ചില നുറുങ്ങുകള്‍ നമുക്ക് പരിചയപ്പെടാം.
എപ്പോഴും ഒരു ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വരുമാനം കണക്കാക്കി കൊണ്ട് നിങ്ങളുടെ എല്ലാ പ്രതിമാസ ചെലവുകളും ലിസ്റ്റ് ചെയ്യുക. വരുമാനത്തെയും ചെലവിനെയും കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഓരോ കാര്യത്തിനും ചെലവ് പരിധി നിശ്ചയിക്കുക. എപ്പോഴും യാഥാര്‍ത്ഥ്യബോധമുള്ളവരായിരിക്കുക. നിങ്ങളുടെ ചെലവുകള്‍ നിങ്ങളുടെ വരുമാനത്തില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കുക. ചെലവുകള്‍ പതിവായി ട്രാക്ക് ചെയ്തുകൊണ്ട് ബജറ്റില്‍ തന്നെ ഉറച്ച് നില്‍ക്കാന്‍ ശ്രമിക്കുക. അമിത ചെലവ് ഒഴിവാക്കുമ്പോള്‍ തന്നെ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ അറിഞ്ഞിരിക്കണം. അതിജീവനത്തിനും വീട്, ഭക്ഷണം, ഗതാഗതം എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന ജീവിത നിലവാരം നിലനിര്‍ത്തുന്നതെല്ലാം ആവശ്യങ്ങളാണ്.
ഇടയ്ക്കിടെ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുക, ആഡംബര വസ്തുക്കള്‍ വാങ്ങുക, അവധിക്കാലം ചെലവഴിക്കാനായി ഇടയ്ക്കിടെ പുറത്ത് പോകുക എന്നിവയൊക്കെ ആഗ്രഹങ്ങളാണ്. ഇത് എല്ലാം വേണ്ടതാണെങ്കിലും അമിതമാകുന്നത് നിങ്ങളുടെ പോക്കറ്റ് കാലിയാക്കും. ആദ്യം നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബജറ്റിനെ അടിസ്ഥാനമാക്കി ആവശ്യങ്ങള്‍ക്കായി അവശേഷിക്കുന്ന ഫണ്ടുകള്‍ കണ്ടെത്തുക. പ്രത്യേക സമ്പാദ്യ ലക്ഷ്യങ്ങള്‍ ഉള്ളത് നിങ്ങളുടെ സാമ്പത്തിക മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും സഹായിക്കും.
നിങ്ങളുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ഓരോന്നിനും ഒരു പ്രത്യേക സേവിംഗ്‌സ് അക്കൗണ്ട് സ്ഥാപിക്കുക. നിങ്ങളുടെ സമ്പാദ്യത്തിന് വ്യക്തമായ ഉദ്ദേശം ഉണ്ടായിരിക്കുന്നത് അനാവശ്യ ചെലവുകളെ ചെറുക്കാനുള്ള പ്രചോദനവും നല്‍കും. ഏതൊരു സാധനവും വാങ്ങുമ്പോഴും അത് നിങ്ങളുടെ മൂല്യങ്ങളുമായും ആവശ്യകതയുമായും യോജിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. അതിനായി കൂടുതല്‍ ചെലവ് കുറഞ്ഞ മാര്‍ഗങ്ങളുണ്ടോ എന്നും അന്വേഷിക്കുക. മറ്റെന്തെങ്കിലും പ്രേരണയാല്‍ വിലകൂടിയ എന്തെങ്കിലും വാങ്ങാന്‍ നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുന്നെങ്കില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് 24 മണിക്കൂറെങ്കിലും കാത്തിരിക്കുക. ഈ സമയത്ത് നിങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥ ആവശ്യം വിലയിരുത്താന്‍ സാധിക്കും.