കോന്നി : തെങ്ങിൽ പാകമാകുന്ന നാളികേരങ്ങൾ വിളവെത്താറാകും മുൻപേ കുരങ്ങുകൾ നശിപ്പിച്ച് നിലത്തിടും. താഴെ വീഴുന്ന തേങ്ങകൾ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ തിന്നുതീർക്കും. ഇതാണ് കോന്നിയിലെ നാളികേര കർഷകരുടെ ഇപ്പോഴത്തെ അവസ്ഥ. തണ്ണിത്തോട്, കോന്നി, ചിറ്റാർ, സീതത്തോട് അടക്കമുള്ള മലയോര മേഖലയിൽ ആണ് കാട്ടുപന്നികളും കുരങ്ങും നാളികേര കർഷകരെ വലക്കുന്നത്. കരിക്ക് ആകുമ്പോൾ തന്നെ കുരങ്ങുകൾ തേങ്ങ തുരന്ന് അകത്തെ കാമ്പ് തിന്നുകയാണ് ചെയ്യുന്നത്. വളമിട്ട് പരിപാലിച്ച് കൊണ്ടുവരുന്ന തെങ്ങുകളിൽ നിന്നും ലാഭം പോയിട്ട് മുടക്ക് മുതൽ പോലും ലഭിക്കുന്നില്ല എന്നാണ് കർഷകർ പറയുന്നത്. കുരങ്ങിനും കാട്ടുപന്നിക്കും ഒപ്പം മലയണ്ണാനും തേങ്ങ നശിപ്പിക്കുന്ന കാര്യത്തിൽ പിന്നില്ലല്ല. കാണാൻ സുന്ദരൻ എങ്കിലും മലയണ്ണാൻ നശിപ്പിക്കുന്ന തേങ്ങക്ക് എണ്ണം പറയാൻ കഴിയില്ല എന്നാണ് കർഷകർ പറയുന്നത്.
കാടിറങ്ങി നാട്ടിൽ എത്തുന്ന കാട്ടുപന്നികളെ സൗരോർജ വേലികൾ കൊണ്ട് ഒരു പരിധി വരെ ഒഴിവാക്കാം എന്നിരിക്കെ മരത്തിനുമുകളിൽ കൂടി ചാടി കൃഷിയിടത്തിലേക്ക് എത്തുന്ന കുരങ്ങുകളെയും മലയണ്ണാനെയും എങ്ങനെ പ്രതിരോധിക്കും എന്ന ധർമ്മ സങ്കടത്തിൽ ആണ് കർഷകർ. പകൽ സമയങ്ങളിൽ പോലും കൃഷിയിടത്തിലെ മരക്കൊമ്പുകളിൽ താമസമാക്കുകയാണ് കുരങ്ങും മലയണ്ണാനും എല്ലാം. പടക്കം പൊട്ടിച്ചും ഭയപ്പെടുത്തിയും എല്ലാം കർഷകർ ഇവറ്റകളെ ഓടിക്കാൻ ശ്രമം നടത്തുന്നുണ്ട് എങ്കിലും ഇവയൊന്നും പലപ്പോഴും ഫലം കാണാറില്ല എന്നതാണ് സത്യം. മുൻപ് വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ ആയിരുന്ന ശല്യം ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ നാട്ടിൻ പുറങ്ങൾ ആണ് ഇവയുടെ വിഹാരകേന്ദ്രങ്ങൾ. ഇവറ്റകൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് ആവശ്യമായ നഷ്ട പരിഹാരം ലഭിക്കാതെ വരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.