കോന്നി : കൊക്കാത്തോട്ടിൽ കുരങ്ങുശല്യം രൂക്ഷമാകുന്നു. ഒരേക്കർ, എസ്.എൻ.ഡി.പി ജംഗ്ഷൻ, കോട്ടാംപാറ, കാട്ടാത്തി തുടങ്ങിയ പ്രദേശങ്ങളിൽ കുരങ്ങുശല്യം വ്യാപകമാണ്. ആരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിൽ ഉൾപ്പെടുന്ന കൊക്കാത്തോട്ടിലെ കർഷകർ ഇതുമൂലം പ്രതിസന്ധിയിലാണ്. കുരങ്ങുശല്യം കാരണം കാർഷിക വിളകളിൽ നിന്ന് വിളവെടുക്കാനാവാത്ത സ്ഥിയാണ്. ഒറ്റയ്ക്കും കൂട്ടവുമായെത്തുന്ന കുരങ്ങുകൾ കരിക്കുകൾ നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. മൂത്ത തേങ്ങ ലക്ഷ്യമാക്കി മലയണ്ണാനും എന്നുന്നതോടെ തെങ്ങിൽ നിന്നുള്ള വരുമാനം നിലച്ച സ്ഥിതിയാണ്. കുരങ്ങുകളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. വീട് തുറന്നിടാൻ പറ്റാത്ത സ്ഥിതിയാണ്.
കൃഷി ചെയ്താൽ ഒന്നും ബാക്കി കിട്ടില്ല. വസ്ത്രങ്ങൾ കഴുകി വീടിനു പുറത്തിട്ടാൽ അതും കിട്ടില്ലെന്ന പരാതിയുണ്ട്. വീടുകളിൽ കയറി അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന ആഹാര സാധനങ്ങൾ ഭക്ഷിക്കാൻ കുരങ്ങുകൾ എത്തുന്നത് നാട്ടുകാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിളകൾ മൂടോടെ നശിപ്പിക്കുന്നതും പതിവാണ്. കൂട്ടമായി സഞ്ചരിക്കുന്ന കുരങ്ങുകൾ വളരെ കുറഞ്ഞ സമയത്തിനകം വലിയ നാശം വരുത്തി വയ്ക്കും. വാഴക്കുല തേങ്ങ, കപ്പ, പയർ, ചക്ക, പപ്പായ, പേരയ്ക്ക, കൊക്കോ എന്നിവയെല്ലാം വ്യാപകമായി കുരങ്ങുകൾ നശിപ്പിക്കുന്നുണ്ട്. കുരങ്ങുകളെ കൊല്ലുന്നതിന് വന്യ ജീവി സംരക്ഷണ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.