കൊച്ചി : മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന 24 ന്യൂസ് മുന്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി, എറണാകുളം പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറി പി ശശികാന്ത് എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ന്യൂസ് പേപ്പര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ മേനാച്ചേരിയാണ് പരാതി നല്‍കിയത്. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
എറണാകുളം പ്രസ് ക്ലബിന്റെ പേരില്‍ സെക്രട്ടറിയായിരുന്ന പി ശശികാന്തും എക്സിക്യൂട്ടിവ് അംഗമായ സഹിനും ചേര്‍ന്ന് കുടുംബ മേളയ്ക്കായി 10 ലക്ഷം രൂപ വാങ്ങിയെന്നും ഇതില്‍ അഞ്ചുലക്ഷം സഹിന്‍ എടുത്തെന്നും ശശികാന്ത് പറഞ്ഞിരുന്നു. മോന്‍സനെ കണ്ടിട്ടില്ലെന്നും ശശികാന്ത് പറഞ്ഞിരുന്നു. ഇതെ മൊഴി ക്രൈംബ്രാഞ്ചിനു മുന്നിലും ശശികാന്ത് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ശശികാന്താണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പണം ഇടാന്‍ പറഞ്ഞതെന്നും രണ്ടു ലക്ഷം മാത്രമാണ് തനിക്ക് കിട്ടിയതെന്നും സഹിന്‍ പറഞ്ഞിരുന്നു.
മൂന്നുവട്ടം ശശികാന്തിനൊപ്പം മോന്‍സനെ കണ്ടെന്നും സഹിന്‍ പറഞ്ഞിരുന്നു. ഇതു ക്രൈംബ്രാഞ്ചിനോടും സഹിന്‍ വെളിപ്പെടുത്തിയതാണെന്നും പരാതിയില്‍ പറയുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ക്ക് വെള്ളപൂശാനും ഇയാള മാന്യതയുടെ മുഖം മൂടി ധരിപ്പിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും ഇയാള്‍ മാധ്യമങ്ങളുടെ സ്വന്തം ആളാണെന്ന് വരുത്തിതീര്‍ക്കാനും , പരാതിക്കാരെ ഭീഷണിപ്പെടുത്താനുമാണോ സഹിന്‍ ആന്റണിയും പി ശശികാന്തും ശ്രമിച്ചതെന്ന് സംശയിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
എറണാകുളം പ്രസ്‌ക്ലബിന്റെ പണം തട്ടിയെടുത്തതിനും ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് പരാതിയുടെ ആവശ്യം. സഹിന്‍ ആന്റണി ഇടക്കൊച്ചിയില്‍ മോന്‍സന്റെ വാഹനം ഒളിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ ചിത്രം സഹിതമാണ് മാര്‍ട്ടിന്‍ പരാതി നല്‍കിയിരിക്കുന്നത്. സഹിന്‍ ആന്റണിയുടെയും ശശികാന്തിന്റെയും സാമ്പത്തിക വളര്‍ച്ച, ബിനാമി ഇടപാടുകള്‍, ഹോട്ടല്‍, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സഹിനുള്ള പങ്കാളിത്തത്തെപ്പറ്റിയും നിക്ഷേപത്തെക്കുറിച്ചും അന്വേഷിക്കണമെന്നാണ് മാര്‍ട്ടിന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കൊപ്പം ചില തെളിവുകളും അദ്ദേഹം കൈമാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി സോജനും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.