കായംകുളം : മോന്‍സന്‍ കേസില്‍ പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയ അതേ കാര്യങ്ങള്‍ തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് 2019-ല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. 2020-ല്‍ വിശദമായ റിപ്പോര്‍ട്ടും നല്‍കി. അതിനു ശേഷമാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇത് സമൂഹത്തില്‍ വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തു. ഈ വിശ്വാസ്യതയാണ് പലരെയും ചതിക്കുഴിയില്‍ വീഴ്ത്തിയത്. ആളുകളെ ചതിക്കുഴിയില്‍ വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം പോലീസിനും സര്‍ക്കാരിനുമുണ്ട്.
പോലീസ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലല്ല. സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് കാണിച്ച് അമ്മ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും ആറു മാസത്തിനു ശേഷമാണ് എഫ്.ഐ.ആര്‍ എടുക്കാന്‍ പോലും തയാറായത്. ഡി.ജി.പിയില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ പിന്നെ എവിടെ നിന്നാണ് സ്ത്രീകള്‍ക്ക് സുരക്ഷ കിട്ടുക. നീതിയെ കുറിച്ച് പ്രസംഗിക്കുമ്പോള്‍ മറുവശത്ത് നീതി നിഷേധം നടക്കുകയാണ്.
നിയമസഭയ്ക്ക് അതിന്റെതായ അന്തസുണ്ട്. ചില ആളുകള്‍ ചന്തയില്‍ പറയുന്നതു പോലെ എന്തും പറയാമെന്നു കരുതി. അതു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും മാറ്റുമെന്ന് സ്പീക്കര്‍ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നു. അത് നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.