കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കേസ് നടക്കട്ടെയെന്നും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതിയെ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉള്‍ക്കൊള്ളാന്‍ താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. ആത്മവിശ്വാസമുണ്ട്. ഈ കേസില്‍ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പോലീസിന്റെ കൈവശമില്ലെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്നെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കും. ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ടെന്നും സതീശന്‍ പറഞ്ഞു.