തിരുവനന്തപുരം : പീഡനക്കേസിലെ ഇരയെ മോന്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. മോന്‍സണ്‍ മാവുങ്കലിന്റെ ബിസിനസ് പങ്കാളിയുടെ മകന്‍ ശരതിനെതിരായ പീഡനപരാതിയിലും അന്വേഷണം വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരി പറഞ്ഞു.
ആലപ്പുഴ സ്വദേശിയും മോന്‍സന്റെ ബിസിനസ് പങ്കാളിയുമായ ശരതിനെതിരെ പെണ്‍കുട്ടി ഏഴുമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ മോന്‍സണും ശരതും പെണ്‍കുട്ടിയെ പലതവണ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനുവഴങ്ങാതെ വന്നതോടെയാണ് മോന്‍സണ്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത്.
നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്നെയും സഹോദരനെയും ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറയുന്നു. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിനുപിന്നാലെയാണ് വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്തെത്തിയത്.