തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹര്‍ജിയില്‍ അഭിഭാഷകനെ പഴിചാരി ഐജി. ലക്ഷ്മണ്‍. ഹര്‍ജിയിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിശദീകരിച്ച് ഐജി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഹര്‍ജി അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഐജി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന അതി ഗുരുതര ആരോപണമായിരുന്നു ഐജി ലക്ഷ്ണണ്‍ ഉന്നയിച്ചത്.
മോണ്‍സണ്‍ കേസില്‍ പ്രതിയാക്കിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഈ ഹര്‍ജിയുടെ ഗൗരവം കണക്കിലെടുത്ത് വലിയ അച്ചടക്ക നടപടിക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നതിനിടെയാണ് അഭിഭാഷകനെ പഴിചാരി ഐജി. ജി ലക്ഷ്മണ്‍ തടിയൂരുന്നത്. കൊച്ചിയിലെ അഭിഭാഷകനായ നോബിള്‍ മാത്യുവിനെയാണ് വക്കാലത്ത് ഏല്‍പ്പിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലായിരുന്നതിനാല്‍ ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ച് നോക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവാദ ഉള്ളടക്കം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ശ്രദ്ധയില്‍ പെട്ട ഉടനെ ഹര്‍ജി പിന്‍വലിക്കാനും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഐജി വ്യക്തമാക്കുന്നത്.