പത്തനംതിട്ട : പൈപ്പ് പൊട്ടി ഒന്നര മാസം കഴിഞ്ഞിട്ടും തൈക്കാവിലേക്ക് ജലവിതരണം പുനരാരംഭിക്കാൻ കഴിഞ്ഞില്ല. നഗരസഭ ബസ് സ്റ്റാൻഡിനും എസ്പി ഓഫിസ് ജംഗ്ഷനും മധ്യേ അബാൻ മേൽപാലത്തിന്റെ സർവീസ് റോഡ് പണി നടക്കുന്ന ഭാഗത്താണ് ശുദ്ധജല പൈപ്പ് പൊട്ടിയത്. ഇതേത്തുടർന്നു സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇത് ആരാണ് ശരിയാക്കേണ്ടത് എന്നതിനെച്ചൊല്ലി മേൽപാലത്തിന്റെ നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി), ജലഅതോറിറ്റി ഉദ്യോഗസ്ഥർ തമ്മിൽ തർക്കം ഉണ്ടായി.
ശനിയാഴ്ച നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ നഗരസഭ അധ്യക്ഷൻ ടി.സക്കീർ ഹുസൈൻ വിഷയം ഉന്നയിച്ചു. ഇരു വകുപ്പുകളും തമ്മിലുള്ള തർക്കം കാരണം തൈക്കാവ് നിവാസികൾ അനുഭവിക്കുന്ന ജലക്ഷാമം യോഗത്തിൽ ചർച്ചയായി. തുടർന്ന് പൈപ്പിന്റെ പണി ജല അതോറിറ്റിയും റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണം കെആർഎഫ്ബിയും നടത്താമെന്ന് യോഗത്തിൽ അറിയിച്ചു. ഇന്നലെ പൈപ്പിന്റെ പണികൾ തുടങ്ങുമെന്ന് യോഗത്തിൽ ഉറപ്പു നൽകിയെങ്കിലും ആരംഭിച്ചില്ല.