റാന്നി : നിർമാണം കരാറായി മാസങ്ങൾ കഴിഞ്ഞിട്ടും ഗവ. ഐടിഐ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല. ഉതിമൂട് വലിയ കലുങ്ക് ജംഗ്ഷന് സമീപം പിഐപിയുടെ തരിശായി കിടന്ന 30 സെന്റ് ഭൂമിയാണ് കെട്ടിടം പണിയാൻ നൽകിയിട്ടുള്ളത്. 5 കോടി രൂപയാണ് നിർമാണത്തിന് അനുവദിച്ചത്. 2 വർഷം മുൻപ് പണി കരാറായിരുന്നു. അടിത്തറയ്ക്ക് വാനമെടുക്കാനുള്ള പണി ആരംഭിച്ചതാണ്. അടിയിൽ കല്ലായതു മൂലം കരാറുകാരൻ പണി നിർത്തുകയായിരുന്നു. കല്ല് പൊട്ടിച്ചു നീക്കാനുള്ള തുക എസ്റ്റിമേറ്റിൽ വകയിരുത്തിയിരുന്നില്ല. പിന്നീട് രൂപരേഖയിൽ മാറ്റം വരുത്തിയാണു കരാർ ചെയ്തത്. കരാർ കമ്പനിയുടെ നിർദേശ പ്രകാരം സ്ഥലത്തിന്റെ അതിരുകൾ നിർണയിച്ചു നൽകിയിരുന്നു.
ഇതിന്റെ ഒരു വശത്തു കൂടിയാണ് പിഐപി കനാൽ കടന്നു പോകുന്നത്. കനാലിന്റെ വശം സംരക്ഷണഭിത്തി കെട്ടേണ്ടത് അത്യാവശ്യമാണ്. അപകടങ്ങൾ ഒഴിവാക്കാൻ ഇതാവശ്യമാണ്. കൂടാതെ വലിയ കലുങ്ക് ജംഗ്ഷനിൽ നിന്ന് ഇവിടേക്കുള്ള റോഡിനു വീതി കുറവാണ്. വശമെല്ലാം ഇടിഞ്ഞു കിടക്കുകയാണ്. വശം കെട്ടി ബലപ്പെടുത്തുകയും 6 മീറ്റർ വീതിയിൽ റോഡ് നവീകരിക്കുകയും വേണം. ഇതിനെല്ലാം കൂടി 25 ലക്ഷം രൂപയോളം വേണ്ടിവരും. സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. എംഎൽഎയോ പഞ്ചായത്തോ ഫണ്ട് കണ്ടെത്തി പണി നടത്തുകയാണു വേണ്ടത്. ഇതുണ്ടായില്ലെങ്കിൽ നിർമാണം വൈകും. കരാർ കമ്പനി പാറ പൊട്ടിക്കുന്ന പണി തുടങ്ങിയിട്ടുണ്ട്.