മംഗളൂരു : കൊല്ലൂരിലെ ശ്രീ മൂകാംബിക ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർ ഇനിമുതൽ നിർബന്ധമായും ആധാർ കാർഡ് കൈവശം വെക്കണം. കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സന്ദർശകരുടെ എണ്ണം അറിയാനും ക്ഷേത്രദർശനം നടത്തുന്ന ആളുകളുടെ വിവരങ്ങൾ സൂക്ഷിക്കാനുമാണിതെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ പി.ബി മഹേഷ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഉത്തരവ് നിലവിൽ വന്നു. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ആളുകൾ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങളും സമർപ്പിക്കണം. കേരളത്തിൽനിന്ന് വരുന്ന ആളുകൾ ക്ഷേത്രദർശനത്തിന് 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ടും കരുതണമെന്നും അധികൃതർ അറിയിച്ചു.