ലഖ്നോ: 289 പേർ കൊല്ലപ്പെട്ട 1980ലെ മുറാദാബാദ് കലാപത്തെക്കുറിച്ച് ജസ്റ്റിസ് എം.പി. സക്‌സേന കമീഷന്റെ അന്വേഷണ റിപ്പോർട്ട് 40 വർഷത്തിന് ശേഷം ഇന്നലെ യു.പി നിയമസഭയിൽവെച്ചു. ആർ.എസ്.എസിനും സർക്കാറിനും ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടിൽ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് (ഐ.യു.എം.എൽ) നേതാവ് ഷമീം അഹമ്മദ്, ഹമീദ് ഹുസൈൻ എന്നിവർ കലാപത്തിന് പ്രേരണ നൽകിയെന്നാണ് പറയുന്നത്. കലാപം നടന്ന് മൂന്ന് വർഷത്തിന് ശേഷം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ പുറംലോകം കണ്ടിരുന്നില്ല.
മരണസംഖ്യ 289 ആണെന്നായിരുന്നു അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി സ്വരൂപ് കുമാരി ബക്ഷി നിയമസഭയെ അറിയിച്ചത്. എന്നാൽ, മരിച്ചവരുടെ എണ്ണം 84 ഉം പരിക്കേറ്റവരുടെ എണ്ണം 112 ഉം ആണെന്ന് കമീഷൻ പറയുന്നു. 1980 ഓഗസ്റ്റിലായിരുന്നു മുറാദാബാദിനെ പിടിച്ചുകുലുക്കിയ വർഗീയ കലാപം.ഓഗസ്റ്റ് 13ന് മുറാദാബാദ് പട്ടണത്തിലെ ഈദ്ഗാഹിൽ ആരംഭിച്ച അക്രമം, സംഭാൽ, അലിഗഡ്, ബറേലി, അലഹബാദ് എന്നിവിടങ്ങളിൽ 1981 വരെ നീണ്ടുനിന്നു. കലാപകാലത്ത് വിശ്വനാഥ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാറായിരുന്നു ഉത്തർപ്രദേശ് ഭരിച്ചത്. ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി.