തൃശൂര്‍ : തൃശൂരില്‍ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന്റെ പേരില്‍ ബൈക്ക് ഓടിച്ച സഹപാഠിക്ക് ക്രൂര മര്‍ദ്ദനമേറ്റു. ചിയ്യാരം ഗലീലി ചേതന കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമലിനെ ചിലര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ല് കൊണ്ട് തലയ്ക്കടിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ദൃശ്യങ്ങള്‍.
എന്തിനാണ് തന്നെ മര്‍ദ്ദിച്ചത് എന്നറിയില്ലെന്ന് അമല്‍ പറയുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. ഭക്ഷണം കഴിക്കാനായി സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് സംഭവം നടന്നത്. യാത്ര ചെയ്യുന്നതിനിടെ പെണ്‍കുട്ടി ബൈക്കില്‍ നിന്ന് വീണു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അമല്‍ പറയുന്നു.
എന്നെ മര്‍ദ്ദിച്ചവരെ മുന്‍പരിചയമില്ല. അവര്‍ മര്‍ദ്ദിച്ചത് എന്തിനാണ് എന്ന് അറിയില്ല. പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തതാണോ അവരെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല. അതോ താന്‍ ധരിച്ച ജോക്കര്‍ വസ്ത്രമാണോ അവര്‍ക്ക് ഇഷ്ടമാവാതിരുന്നത് എന്നും അറിയില്ല. ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനല്ലേ നാട്ടുകാര്‍ ശ്രമിക്കേണ്ടത്. പകരം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എന്തിനാണ് തല്ല് കിട്ടിയത് എന്നുപോലും അറിയില്ല.
മര്‍ദ്ദനത്തിനിടെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തു’- അമല്‍ പറയുന്നു. അമല്‍ ധരിച്ചിരുന്ന ജോക്കര്‍ വസ്ത്രത്തിന്റെ പേരിലും മര്‍ദ്ദനമുണ്ടായി. കല്ലുകൊണ്ട് അമലിനെ തലക്കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒല്ലൂര്‍ പോലീസ് സംഭവത്തില്‍ കേസെടുത്തു. വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കൊടകര സ്വദേശി ഡേവിഡാണ് അമലിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. ഇയാള്‍ക്കെതിരെ ഉടന്‍ നടപടി കൈക്കൊള്ളുമെന്നാണ് സൂചന.