കാസര്‍കോട്: ബേക്കല്‍കോട്ട കണ്ടു മടങ്ങിയ ആറംഗ സംഘത്തിനു നേരെ സദാചാര ആക്രമണം. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ മന്‍സൂര്‍ (41), അബ്ദുല്‍ ഖാദര്‍ അഫീഖ് (37), മുഹമ്മദ് നിസാര്‍ (38), ബി.കെ.ആരിഫ് (32) എന്നിവരാണ് അറസ്റ്റിലായത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ വിദ്യാര്‍ഥികള്‍ അടങ്ങിയ ആറു പേരെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ച് ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
സംഘത്തില്‍ മൂന്നു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ആണ്‍കുട്ടിയുടെ പതിനെട്ടാം ജന്മദിനമായിരുന്നു ഞായറാഴ്ച. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബേക്കല്‍കോട്ടയിലേക്ക് പോകുന്നതിന് ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയെയും ആണ്‍കുട്ടി ക്ഷണിച്ചു. രണ്ടു സുഹൃത്തുക്കളുമായാണ് പെണ്‍കുട്ടി എത്തിയത്. നാലു പേരും കൂടി ബസില്‍ ബേക്കല്‍കോട്ടയിലേക്ക് പോയി. മടങ്ങിവരുമ്പോള്‍ ജന്മദിനം ആഘോഷിക്കുന്ന ആണ്‍കുട്ടിയുടെ സഹോദരനും പ്രതിശ്രുത വധുവും ചേര്‍ന്ന് ഇവരെ കാറില്‍ കയറ്റി. ഭക്ഷണം കഴിക്കുന്നതിനായി മേല്‍പ്പറമ്പിലെ റസ്റ്ററന്റിനു മുന്നില്‍ ഇവര്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ വിഡിയോ ദൃശ്യമടക്കമാണ് ഇവര്‍ പോലീസില്‍ പരാതിപെട്ടത്.