കൊല്ലം : പരവൂരില്‍ അമ്മക്കും മകനും എതിരെ ആക്രമണം നടത്തിയ ആശിഷിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. സമാനമായ രീതിയില്‍ ബാങ്ക് ഉദ്യോഗസ്ഥനെയും ഭാര്യയെയുമാണ് ആശിഷ് ഷംസുദ്ദീന്‍ രണ്ടു വര്‍ഷം മുമ്പ് ആക്രമിച്ചത്. അമ്മയ്ക്കും മകനുമെതിരെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ത്രീത്വത്തെ മനപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശിഷ് കഴിഞ്ഞ ദിവസം എഴുകോണ്‍ സ്വദേശികളായ അമ്മയ്ക്കും മകനുമെതിരെ ആക്രമണം നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പാരിപ്പളളി സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥനാണ് രണ്ടു വര്‍ഷം മുമ്പ് ആശിഷ് നടത്തിയ ആക്രമണത്തെ പറ്റി വെളിപ്പെടുത്തിയത്. 2019 ആഗസ്റ്റില്‍ ഭാര്യയ്ക്കൊപ്പം ബീച്ചില്‍ എത്തിയപ്പോള്‍ ആശിഷ് അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലൈംഗിക ചുവയുള്ള സംഭാഷണം, കൊല നടത്തുക എന്ന ലക്ഷ്യത്തോടെ ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് റിമാന്‍റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച്. ഇമാസം പതിനാറാം തീയതി വരെയാണ് റിമാന്‍ഡ് കാലാവധി. എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തില്‍ ആശിഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.