കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞപ്പോള്‍ ഗ്രൂപ്പിലെ വമ്പന്‍മാരെല്ലാം അനാഥരായി. ജോസഫ് ഗ്രൂപ്പ് വീണ്ടും പിളരാന്‍ സാധ്യത ഏറെ. കെഎം മാണിയുടെ അതിവിശ്വസ്തനായിരുന്നു ജോയ് എബ്രഹാം. പാര്‍ട്ടിയുടെ സംഘടനാ ചുതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്ന ജോയ് എബ്രഹാം. എന്നും തനിക്കൊപ്പമുണ്ടാകുമെന്ന് കരുതിയ നേതാവ് ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞു. മാണിയുടെ കൂടെ നിന്ന പലരേയും അടര്‍ത്തിക്കൊണ്ട് പിജെ ജോസഫിനൊപ്പം പോയി. കേരളാ കോണ്‍ഗ്രസ് ജോസഫിലെ രണ്ടാം റാങ്കായിരുന്നു ജോയി എബ്രഹാമിന്റെ മോഹം. പക്ഷേ പിജെ ജോസഫ് സീറ്റുകള്‍ വീതിച്ചു നല്‍കുമ്പോള്‍ അനാഥനായി മാറുകയാണ് ജോയി എബ്രഹാം. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാണിയുടെ ഈ പഴയ വിശ്വസ്തന്‍ ഇനി കറിവേപ്പില.
യുഡിഎഫിന് അധികാരം കിട്ടിയാല്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നാണ് എംഎല്‍എ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചവര്‍ക്ക് പിജെ ജോസഫ് നല്‍കുന്ന വാഗ്ദാനം. മറ്റ് വഴികളില്ലാത്തതിനാല്‍ ഇത് അംഗീകരിക്കുകയാണ് സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പടെയുള്ളവര്‍. ജോയ് എബ്രഹാമിനും പിജെയ്ക്കൊപ്പം നില്‍ക്കാതെ മറ്റ് വഴികളില്ല. എന്നാല്‍ ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് മാണി ഗ്രൂപ്പ് വിട്ടെത്തിയവര്‍ക്ക് സമ്പൂര്‍ണ്ണ നിരാശയാണ് കേരളാ കോണ്‍ഗ്രസ് പിജെ ജോസഫിന്റെ പ്രഖ്യാപനം. മരുമകന്‍ എംപി ജോസഫിന് തൃക്കരിപ്പൂര്‍ നല്‍കിയതിലൂടെ തന്റേതും കുടുംബ പാര്‍ട്ടിയാകുമെന്ന സൂചന നല്‍കുകയാണ് പിജെ. മകന്‍ അപ്പു ജോസഫ് അടുത്ത തവണ തൊടുപുഴയില്‍ അങ്കത്തിനിറങ്ങുമെന്നും ഉറപ്പാണ്. ഇതെല്ലാം ജോയി എബ്രഹാം അടക്കമുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ നിരാശയാണ് നല്‍കുന്നത്.
മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജും രണ്ട് തട്ടിലാണ്. ഇവര്‍ക്കാണ് പിജെ ജോസഫുമായി കൂടുതല്‍ അടുപ്പം. ഫ്രാന്‍സിസ് ജോര്‍ജിന് അതിശക്തഗ്രൂപ്പ് പാര്‍ട്ടിയില്‍ ഇല്ല. എന്നാല്‍ മോന്‍സിനൊപ്പം നിരവധി നേതാക്കളുണ്ട്. അതില്‍ ശക്തനായിരുന്നു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്. എന്നാല്‍ സീറ്റ് ചര്‍ച്ചയില്‍ ജോസഫ് എം പുതുശ്ശേരിക്ക് വിഷമം ഉണ്ടാകാതിരിക്കാന്‍ വിക്ടറിനെ മോന്‍സ് പിന്തുണച്ചില്ല. ഇതോടെ തിരുവല്ലയില്‍ രണ്ട് പേര്‍ക്കും സീറ്റ് പോയി. ഇതില്‍ ഒരാള്‍ക്ക് തിരുവല്ല കിട്ടുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. കുഞ്ഞുകോശി പോള്‍ സ്ഥാനാര്‍ത്ഥിയായി. ചങ്ങനാശ്ശേരിയിലും സംഭവിച്ചത് ഇതാണ്. കേരളാ കോണ്‍ഗ്രസ് പിളര്‍ത്തുമ്പോള്‍ ജോസഫിന് തുണയായത് ചങ്ങനാശ്ശേരി എംഎല്‍എയായ സിഎഫ് തോമസിന്റെ നിലപാടാണ്. വെറും ജോസഫ് ഗ്രൂപ്പായി മാറാത്തതും സിഎഫിന്റെ സാന്നിധ്യം കൊണ്ട്.
സിഎഫിന്റെ മരണ ശേഷം ഈ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് സഹോദരന്റെ പേരു പറഞ്ഞാണ് കേരളാ കോണ്‍ഗ്രസ് വികാരം ജോസഫ് ആളിക്കത്തിച്ചത്. എന്നാല്‍ ആ ഉപതെരഞ്ഞെടുപ്പ് നടന്നില്ല. ഇപ്പോള്‍ ആ സഹോദരനെ പൂര്‍ണ്ണമായും മറന്നു. സാജന്‍ ഫ്രാന്‍സിസിന് വിനയായത് ജോയ് എബ്രഹാമിനൊപ്പമുള്ള നില്‍പ്പാണ്. പിജെയില്‍ ജോയ് എബ്രഹാമിന് സ്വാധീനമില്ലെന്ന് തെളിയിക്കാന്‍ മറുപക്ഷം നടത്തിയ നീക്കമാണ് ചങ്ങനാശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയില്‍ നിറയുന്നത്. എംഎല്‍എ സ്ഥാനാര്‍ത്ഥിത്വം കിട്ടാത്ത എല്ലാവര്‍ക്കും ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളാണ് ജോസഫിന്റെ വാഗ്ദാനം. എന്നാല്‍ ഇതിനു മാത്രം ബോര്‍ഡുകള്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പോലും ജോസഫിന് കിട്ടില്ല. അതുകൊണ്ട് തന്നെ പറഞ്ഞു പറ്റിക്കുകയാണെന്ന് വ്യക്തം.
തല്‍കാലം സജി മഞ്ഞക്കടമ്പന്‍ അടക്കമുള്ളവര്‍ പൊട്ടിത്തെറിക്ക് നില്‍ക്കില്ല. മാണിയെ വഞ്ചിച്ചതിനുള്ള പ്രതികാരമായി ചര്‍ച്ച എത്തുമെന്നതു കൊണ്ടാണ് ഇത്. അവസാന നിമിഷം ജോസ് കെ മാണിയെ കൈവിട്ട ജോസഫ് എം പുതുശ്ശേരി തീര്‍ത്തും നിരാശനാണ്. തിരുവല്ലയില്‍ ഇടതുപക്ഷത്ത് മത്സരിക്കുന്നത് മാത്യു ടി തോമസാണ്. അതു തിരിച്ചറിഞ്ഞാണ് പുതുശ്ശേരി ജോസഫ് പക്ഷത്തേക്ക് പോയത്. ചങ്ങനാശ്ശേരിയോ തിരുവല്ലയോ കിട്ടുമെന്നും പ്രതീക്ഷിച്ചു. വിക്ടര്‍ ടി തോമസ് തിരുവല്ല ഉറപ്പിച്ചാണ് നിന്നത്. അതും വെറുതെയായി. വിക്ടര്‍ പരസ്യ പ്രതികരണവുമായി എത്തിക്കഴിഞ്ഞു. പറഞ്ഞു പറ്റിച്ചെന്ന് വിക്ടര്‍ പറയുന്നു. ഇത് പാര്‍ട്ടിയില്‍ പുതിയ പിളര്‍പ്പിന് വഴിവെയ്ക്കും.
യുഡിഎഫ് സെക്രട്ടറിയായിരുന്നു ജോണി നെല്ലൂര്‍. പിജെ ജോസഫിനൊപ്പം പോയാല്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിട്ട് ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പില്‍ എത്തിയത്. തീര്‍ത്തും നിരാശയാണ് ഫലം. പത്ത് സീറ്റ് യുഡിഎഫ് കൊടുത്തിട്ടും നെല്ലൂരിനേയും പരിഗണിച്ചില്ല. ഇതോടെ എംഎല്‍എ ആകണമെന്ന മോഹവും പൊളിയുകയാണ്. കേരളാ കോണ്‍ഗ്രസ് ജേക്കബിന്റെ ചെയര്‍മാനായിരുന്നു ജോണി നെല്ലൂര്‍. ജോസഫ് ഗ്രുപ്പില്‍ എത്തിയപ്പോള്‍ സാധാരണ പാര്‍ട്ടിക്കാരനായി മാറുകയാണ് നെല്ലൂരും.
സീറ്റുകള്‍ മോഹിച്ച് വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്ന് പാര്‍ട്ടിയിലെത്തിയവരില്‍ ഫ്രാന്‍സിസ് ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ് എന്നിവര്‍ക്ക് മാത്രമാണ് സീറ്റ്. പി ജെ ജോസഫ് തൊടുപുഴയില്‍ തന്നെ മത്സരിക്കും. കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫാണ് തൃക്കരിപ്പൂരിലെ സ്ഥാനാര്‍ത്ഥി. 10 സ്ഥാനാര്‍ത്ഥികളില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. തിരുവല്ലയില്‍ കുഞ്ഞുകോശി പോളും ചങ്ങനാശ്ശേരിയില്‍ വി ജെ ലാലിയും ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും.